മാറഞ്ചേരി: സൗഹൃദം പുതുക്കാം,ഒന്നിച്ചിരിക്കാം എന്ന തലക്കെട്ടിൽ മാറഞ്ചേരി മുക്കാല തണൽ ഓഡിറ്റോറിയത്തിൽ സെപ്റ്റമ്പർ ഒന്നിന് ഓണം സൗഹൃദ സംഗമം നടക്കുമെന്ന് സംഘാടകർ പത്രസമ്മേളനത്തിൽ പറഞ്ഞു. സൗഹൃദം പൂത്തുലഞ്ഞ കാലഘട്ടം തിരിച്ച് പിടിക്കാനും വർധിച്ച് വരുന്ന വിദ്വേഷവും വെറുപ്പും ഇല്ലായ്മ ചെയ്യാനും വേണ്ടിയാണ് ഈ സൗഹൃദ സംഗമം സംഘടിപ്പിക്കുന്നത്.സെപ്റ്റമ്പർ 1 ന് 3 മണിക്ക് നടക്കുന്ന സൗഹൃദ സംഗമം ശബരിമല മാളികപ്പുറം മുൻ മേൽശാന്തി ഡോ:പി.എം. മനോജ് എബ്രാന്തിരി ഉദ്ഘാടനം ചെയ്യും.ജമാഅത്തെ ഇസ്‌ലാമി ജില്ലാ സമിതി അംഗം സലിം മമ്പാട് അധ്യക്ഷത വഹിക്കും.മൂക്കുതല മാർത്തോമ ചർച്ചിലെ റവറൻ്റ് സുനു ബേബി കോശി മുഖ്യാതിഥിയാകും.വർധിച്ച് വരുന്ന ലഹരിക്കെതിരെ ജനകീയ പ്രതിജ്ഞക്ക് പ്രമുഖ കവി രുദ്രൻ വാരിയത്ത് നേതൃത്വം നൽകും. മാറഞ്ചേരിയിലെ സാമൂഹ്യ സാംസ്കാരിക മേഖലകളിലെ പ്രമുഖർ പരിപാടിയിൽ സംബന്ധിക്കും.ഓണക്കളികളും ഒപ്പനയുമടക്കമുള്ള കലാപരിപാടികളും അരങ്ങേറും. ജെ. ഐ. എച്ച് മുക്കാലഘടകവും തണൽ വെൽഫയർ സൊസൈറ്റിയുമാണ് പരിപാടി സംഘടിപ്പിക്കുന്നത്.പത്രസമ്മേളനത്തിൽ തണൽ പ്രസിഡൻ്റ് എ. അബ്ദുൾ ലത്തീഫ്,സ്വാഗതസംഘം കൺവീനർ ബേബി പാൽ,എ.മുഹമ്മദ് മുബാറക്, ആരിഫ ബഷീർ, ഹൈറുന്നിസ എന്നിവർ പങ്കെടുത്തു