മോഹൻലാലിന്റെ ഹൃദയപൂർവത്തിനൊപ്പം മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിക്കുന്ന ‘കളങ്കാവൽ’ (Kalamkaval) എന്ന ക്രൈം ഡ്രാമ ചിത്രത്തിന്റെ ടീസർ ബിഗ് സ്‌ക്രീനിൽ പുറത്ത്. സിഗരറ്റും കടിച്ചുപിടിച്ച് ഒറ്റ ഡയലോഗ് പറയാതെയുള്ള മമ്മൂട്ടിയാണ് ഈ ടീസറിൽ. ടീസർ അപ്ഡേറ്റ് പുറത്ത് വിട്ടത് ചിത്രത്തിൻ്റെ ഒരു പുതിയ പോസ്റ്ററും റിലീസ് ചെയ്ത് കൊണ്ടായിരുന്നു. മാസ്സ് ലുക്കിൽ മമ്മൂട്ടിയെ അവതരിപ്പിക്കുന്ന പോസ്റ്റർ ആണ് പുറത്ത് വന്നിരിക്കുന്നത്. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെ നിർമ്മിക്കുന്ന ഈ ചിത്രം ദുൽഖർ സൽമാന്റെ വേഫറർ ഫിലിംസാണ് കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത്. ദുൽഖർ സൽമാന്റെ വേഫറർ ഫിലിംസ് തന്നെയാണ് ‘ലോക’ നിർമ്മിച്ചിരിക്കുന്നത്. ജിഷ്ണു ശ്രീകുമാറും ജിതിൻ കെ ജോസും ചേർന്നാണ് കളങ്കാവലിൻ്റെ തിരക്കഥ രചിച്ചത്. നാല് മാസത്തെ ഇടവേളക്ക് ശേഷം മമ്മൂട്ടിയെ വീണ്ടും ബിഗ് സ്ക്രീനിൽ കാണാനുള്ള അവസരമാണ് പ്രേക്ഷകർക്ക് ഈ ടീസറിലൂടെ ലഭിക്കുന്നത്. ടീസറിനൊപ്പം ചിത്രത്തിൻ്റെ റിലീസ് തീയതി കൂടി അറിയാൻ സാധിക്കും എന്ന പ്രതീക്ഷയിലായിരുന്നു മമ്മൂട്ടി ആരാധകരും സിനിമാ പ്രേമികളും. മലയാള സിനിമാ പ്രേമികൾ ഏറെ ആകാംക്ഷയോടെയും ആവേശത്തോടെയും കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് ‘കളങ്കാവൽ’.











