പാപ്പുവ ന്യൂ ഗിനിയയിൽ നിന്ന് ഓസ്കറിലേക്ക് ആദ്യമായി ഒരു ചിത്രമെത്തുകയാണ്. പാപ്പ ബുക്ക എന്ന ചിത്രമാണ് ഓസ്കറിലേക്ക് മത്സരിക്കാൻ ഒരുങ്ങുന്നത്. ഓസ്കറിലെ അന്താരാഷ്ട്ര ഫീച്ചർ ഫിലിം വിഭാഗത്തിൽ മത്സരിക്കുന്ന ഒരു പസഫിക് രാഷ്ട്രം എന്ന ഖ്യാതിയും ഇതോടെ ഈ സിനിമ നേടുകയാണ്.നിരവധി അന്താരാഷ്ട്ര മേളകളിൽ പ്രദർശിപ്പിക്കുകയും നിരൂപക പ്രശംസകൾ ഉൾപ്പെടെ നേടിയ വെയിൽമരങ്ങൾ, പേരറിയാത്തവർ, അദൃശ്യ ജാലകങ്ങൾ തുടങ്ങിയ സിനിമകൾ ഒരുക്കിയ ഡോ. ബിജു ആണ് പാപ്പ ബുക്ക സംവിധാനം ചെയ്യുന്നത്. ഇന്ത്യയും പാപ്പുവ ന്യൂ ഗിനിയയും തമ്മിൽ പങ്കിട്ട ചരിത്രങ്ങൾക്കുള്ള ആദരാഞ്ജലിയും അതിർത്തി കടന്നുള്ള സഹകരണത്തിന്റെയും പ്രതീകവുമാണ് ഈ ചിത്രം എന്നാണ് ഡോ. ബിജു സിനിമയെക്കുറിച്ച് പറഞ്ഞത്. തമിഴ് സംവിധായകൻ പാ രഞ്ജിത്ത് സിനിമയുടെ നിർമാതാക്കളിൽ ഒരാളാണ്. നോലെൻ തൗല വുനം (NAFA പ്രൊഡക്ഷൻസ്), അക്ഷയ്കുമാർ പരിജ (അക്ഷയ് പരിജ പ്രൊഡക്ഷൻസ്),പ്രകാശ് ബാരെ (സിലിക്കൺ മീഡിയ) എന്നിവർ ചേർന്നാണ് ഈ സിനിമ നിർമിക്കുന്നത്.പാപ്പുവ ന്യൂ ഗിനിയയിൽ നിന്നുള്ള 85 വയസ്സുള്ള ഗോത്ര നേതാവ് സൈൻ ബൊബോറോ ആണ് സിനിമയിൽ പ്രധാന വേഷത്തിൽ എത്തുന്നത്. റിതാഭരി ചക്രവർത്തി, പ്രകാശ് ബാരെ, ജോൺ സൈക്ക്, ബാർബറ അനതു, ജേക്കബ് ഒബുരി, സാന്ദ്ര ദൗമ, മാക്സ് മാസോ പിപിസി എന്നിവരാണ് സിനിമയിലെ മറ്റു അഭിനേതാക്കൾ. മൂന്ന് തവണ ഗ്രാമി പുരസ്കാരം നേടിയ റിക്കി കെജ് ആണ് സിനിമയ്ക്കായി സംഗീതം ഒരുക്കുന്നത്. യെദു രാധാകൃഷ്ണൻ ഛായാഗ്രഹണം നിർവഹിക്കുന്ന സിനിമയുടെ സഹാതിരക്കഥാകൃത്ത് ഡാനിയേൽ ജോണർദാഗട്ട് ആണ്. ‘പാപ്പാ ബുക്ക’ 2025 സെപ്റ്റംബർ 19 ന് പാപ്പുവ ന്യൂ ഗിനിയയിലെ തിയേറ്ററുകളിൽ പുറത്തിറങ്ങും. തുടർന്ന് ലോസ് ഏഞ്ചൽസിൽ അന്താരാഷ്ട്ര ഫെസ്റ്റിവൽ പ്രദർശനങ്ങളും ഓസ്കാർ പ്രചാരണ പരിപാടികളും നടക്കും.











