ഐ പി എല്ലിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് രവിചന്ദ്രൻ അശ്വിൻ. കഴിഞ്ഞ ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്‌സിന്റെ ഭാഗമായിരുന്ന രവിചന്ദ്രൻ അശ്വിൻ അടുത്ത സീസൺ മുതൽ ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ഭാഗമാകില്ലെന്ന് അറിയിച്ചു. വർഷങ്ങളായി താൻ കളിച്ച ഐപിഎൽ ഫ്രാഞ്ചൈസികൾക്കും ബിസിസിഐക്കും നന്ദി പറഞ്ഞുകൊണ്ട് താരം ഐ പി എല്ലിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചു.2009 മുതൽ 2015 വരെ സിഎസ്‌കെയിൽ കളിച്ചിരുന്ന താരം കഴിഞ്ഞ സീസണിലാണ് പിന്നീട് തിരിച്ചെത്തിയത്. അതിനിടയിൽ രാജസ്ഥാൻ റോയൽസിനും റൈസിംഗ് പുണെ സൂപ്പർ ജയന്റ്സിനും പഞ്ചാബ് കിങ്‌സിനും വേണ്ടി കളിച്ചു.കഴിഞ്ഞ സീസണിൽ അദ്ദേഹം ഒമ്പത് മത്സരങ്ങൾ മാത്രമാണ് ചെന്നൈയ്ക്ക് വേണ്ടി കളിച്ചത്. ഏഴ് വിക്കറ്റുകൾ മാത്രമാണ് നേടിയത്. നാല് വിജയങ്ങളും പത്ത് തോൽവികളുമായി ടീം പോയിന്റ് പട്ടികയിൽ അവസാന സ്ഥാനത്തുമാണ് ഫിനിഷ് ചെയ്തത്.ഐപിഎല്ലിലെ ആകെ കളിച്ച 221 മത്സരങ്ങളിൽ നിന്ന് 187 വിക്കറ്റുകൾ നേടി. 833 റൺസും ഓൾ റൗണ്ടർ കൂടിയായ താരം നേടി.











