ശ്രീനഗര്‍: ജമ്മു കശ്മീരിലെ വൈഷ്‌ണോദേവി ക്ഷേത്ര പാതയിലെ മണ്ണിടിച്ചിലിലും ദോഡ ജില്ലയിലുണ്ടായ മിന്നല്‍ പ്രളയത്തിലും മരണം 31 ആയി. ശക്തമായ മഴയ്ക്ക് പിന്നാലെയാണ് ഇന്നലെ മണ്ണിടിച്ചിലുണ്ടായത്. കത്രയില്‍ ഒന്‍പത് ഭക്തരും ദോഡയില്‍ നാലുഭക്തരുമാണ് മരിച്ചത്. വൈഷ്‌ണോദേവി ക്ഷേത്രപാതയിലുണ്ടായ മണ്ണിടിച്ചിലില്‍ 22 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കൂടുതല്‍ പേര്‍ സ്ഥലത്ത് കുടുങ്ങിക്കിടക്കുകയാണ് എന്നാണ് വിവരം. പ്രദേശത്ത് തിരച്ചില്‍ തുടരുകയാണ്.ദോഡ, ജമ്മു, ഉദ്ദംപൂര്‍ എന്നിവിടങ്ങളില്‍ നിരവധി വീടുകള്‍ വെളളത്തിനടിയിലായി. നിരവധി റോഡുകളും പാലങ്ങളും മുങ്ങിയത് ഗതാഗതത്തെ ബാധിച്ചിട്ടുണ്ട്. 22 ട്രെയിനുകള്‍ റദ്ദാക്കി. വിവിധ റെയില്‍വേ സ്‌റ്റേഷനുകളില്‍ ആളുകള്‍ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. തുടര്‍ച്ചയായ മഴയെതുടര്‍ന്ന് നിരവധി നദികളില്‍ ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്.ജമ്മു കശ്മീരില്‍ സ്ഥിതിഗതികള്‍ ഗുരുതരമാണെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി ഒമര്‍ അബ്ദുളള പറഞ്ഞിരുന്നു. സ്ഥിതിഗതികള്‍ അവലോകനം ചെയ്യുന്നതിനായി മുഖ്യമന്ത്രി അടിയന്തര യോഗം വിളിക്കുകയും ചെയ്തു. ജലാശയങ്ങള്‍ക്ക് സമീപത്തുനിന്നും മണ്ണിടിച്ചില്‍ സാധ്യതയുളള പ്രദേശങ്ങളില്‍ നിന്നും ആളുകള്‍ മാറിത്താമസിക്കണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു. അപകട സാധ്യതയുളള പ്രദേശങ്ങളില്‍ രക്ഷാപ്രവര്‍ത്തകര്‍ക്കും ദുരിതാശ്വാസ പ്രവര്‍ത്തകര്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.നേരത്തെ കിഷ്ത്വാറിലും മേഘവിസ്ഫോടനവും തുടർന്ന് മിന്നൽ പ്രളയവുമുണ്ടായിരുന്നു. 61 പേരാണ് പ്രളയത്തിൽ മരിച്ചത്. നൂറിലധികം പേർ പരിക്കേറ്റ് ചികിത്സയിലാണ്. 40 ഓളം പേരുടെ മൃതദേഹം തിരിച്ചറിയുകയും നിയമനടപടികള്‍ക്ക് ശേഷം കുടുംബാംഗങ്ങള്‍ക്ക് കൈമാറുകയും ചെയ്തു. കിഷ്ത്വാറിലെ മചൈല്‍ മാതാ തീര്‍ത്ഥാടന കേന്ദ്രത്തിലേയ്ക്കുള്ള പാത ആരംഭിക്കുന്നിടത്താണ് മേഘവിസ്ഫോടനവും പെട്ടെന്നുള്ള വെള്ളപ്പൊക്കവും ഉണ്ടായത്. മരിച്ചവരില്‍ ഏറെയും തീര്‍ത്ഥാടകരാണ്. പ്രളയത്തെ തുടര്‍ന്ന് ക്ഷേത്രത്തിലേക്ക് യാത്രാ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു.











