ന്യൂഡല്‍ഹി: പ്രതിപക്ഷ പ്രതിഷേധങ്ങൾക്കിടയിലും ഓൺലൈൻ ഗെയിമിംഗ് ബിൽ ലോക്‌സഭ പാസാക്കി. കേന്ദ്ര ഇലക്‌ട്രോണിക്‌സ് & ഇൻഫർമേഷൻ ടെക്നോളജി വകുപ്പ് മന്ത്രി അശ്വനി വൈഷ്ണവ് അവതരിപ്പിച്ച ബില്ലാണ് ലോക്‌സഭ പാസാക്കിയത്. ഭരണഘടനാ ഭേദഗതി ബില്‍ ലോക്‌സഭയില്‍ അവതരിപ്പിക്കുന്നതിനിടെ ഉണ്ടായ സംഘര്‍ഷത്തിനിടെയാണ് ഓണ്‍ലൈന്‍ ഗെയ്മിങ്ങിന്റെ ബിൽ ലോക്‌സഭ പാസാക്കിയത്.ഓണ്‍ലൈന്‍ ഗെയ്മിങ്ങിന്റെ പേരില്‍ നടക്കുന്ന തട്ടിപ്പുകള്‍ തടയാനാണ് ഓൺലൈൻ ഗെയിമിംഗ് ബിൽ നിയമഭേദഗതി ചെയ്യുന്നത്. ഓണ്‍ലൈന്‍ വാതുവെപ്പുകള്‍ക്ക് ശിക്ഷയും പിഴയും ഉറപ്പുവരുത്തും. സെലിബ്രിറ്റികള്‍ ഓണ്‍ലൈന്‍ ഗെയ്മിംഗ് നടത്തുന്നത് നിരോധിക്കുന്നതിന് ബില്ലില്‍ വ്യവസ്ഥയുണ്ട്. ഓണ്‍ലൈന്‍ ബെറ്റിംഗ് ആപ്പുകള്‍ക്കുമേല്‍ കര്‍ശന നിരോധനമേര്‍പ്പെടുത്തുന്ന ബില്ലാണ് ലോക്‌സഭ പാസാക്കിയത്.ഭരണഘടനാഭേദഗതി ബില്ല് ലോക്‌സഭയില്‍ അവതരിപ്പിച്ചപ്പോൾ ബില്ലിനെ രൂക്ഷമായി എതിര്‍ത്ത് പ്രതിപക്ഷം രംഗത്തെത്തി. അംഗങ്ങള്‍ക്ക് വിതരണം ചെയ്യാതെയാണ് ബില്ല് കൊണ്ടുവന്നതെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രതിഷേധിച്ചു. ബില്ലിനെ എതിര്‍ക്കുന്നതായി വിവിധ പ്രതിപക്ഷ പാര്‍ട്ടികള്‍ സഭയില്‍ വ്യക്തമാക്കി. പാര്‍ലമെന്ററി ജനാധിപത്യ സംവിധാനത്തെ തകിടം മറിക്കുന്ന ബില്ലാണിതെന്ന് കോണ്‍ഗ്രസ് പാര്‍ട്ടി എംപിമാര്‍ പ്രതികരിച്ചു. ശിക്ഷിക്കപ്പെടുന്നതിന് മുമ്പ് ഒരാളെ ശിക്ഷിക്കാന്‍ എങ്ങനെ കഴിയുമെന്നും കോണ്‍ഗ്രസ് ചോദിച്ചു. സംസ്ഥാനങ്ങള്‍ക്കുമേല്‍ രാഷ്ട്രീയ ഇടപെടലുകള്‍ക്ക് വഴി തുറക്കുന്ന ബില്ലാണിതെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി.പ്രതിപക്ഷം ഒറ്റക്കെട്ടായി ബില്ലിനെ എതിര്‍ക്കുന്നതായി എഐസിസി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ പറഞ്ഞു. രാജ്യത്തെ ഫെഡറല്‍ സംവിധാനത്തെ തകര്‍ക്കുന്നുവെന്ന് പറഞ്ഞ കെ സി വേണുഗോപാല്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു. പ്രതിപക്ഷത്തെ ലക്ഷ്യം വച്ചും നിതീഷ് കുമാറിനെയും ചന്ദ്രബാബു നായിഡുവിനെയും ഉന്നംവെച്ചുമുള്ള ബില്ലാണിതെന്ന് കെ സി വേണുഗോപാല്‍ ആരോപിച്ചു.