ഇപി ജയരാജൻ കളങ്കവും കാപട്യവുമില്ലാത്ത പച്ചയായ മനുഷ്യനെന്ന് പാലക്കാട് എൽഡിഎഫ് സ്വതന്ത്ര സ്ഥാനാനാർത്ഥി ഡോ. പി. സരിൻ. തുറന്ന പുസ്കം പോലെ ജീവിക്കുന്ന പച്ചയായ മണ്ണിന്റെ സഖാവാണ് അദ്ദേഹമെന്നും സരിൻ മാധ്യമങ്ങളോട് പ്രതികരിച്ചു. നിലപാടുകളും അംഗീകാരങ്ങളും വിയോജിപ്പുകളും തന്നെയാണ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ശക്തിയെന്നും സരിൻ പറഞ്ഞു.ഇപി ജയരാജന്റെ ‘കട്ടൻ ചായയും പരിപ്പുവടയും ഒരു കമ്മ്യൂണിസ്റ്റിന്റെ ജീവിതം’ ആത്മകഥയിൽ സരിനെതിരെയുള്ള പരമാർശത്തെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിനായിരുന്നു സരിന്റെ പ്രതികരണം. ആത്മകഥയിലെ കാര്യങ്ങൾ ഇപി നിഷേധിച്ചുവെന്നാണ് അറിയുവാൻ സാധിച്ചതെന്നും സരിൻ. പുസ്തകം പുറത്തിറങ്ങിയിട്ടില്ലല്ലോ.വായിച്ചതിന് ശേഷമല്ലേ അഭിപ്രായം പറയാൻ സാധിക്കുകയുള്ളു. നിങ്ങൾ ഉണ്ടെന്ന് പറയുന്ന തരത്തിൽ ഒരു പരാമർശം അതിൽ ഉണ്ടെങ്കിൽ അപ്പോൾ അഭിപ്രായം പറഞ്ഞാൽ പോരെയെന്നും സരിൻ മാധ്യമങ്ങളോട് പറഞ്ഞു. സരിൻ ഒരു സ്വതന്ത്ര വയ്യാവേലിയാണെന്നാണ് ആത്മകഥയിലെ പരാമർശം.രണ്ടാം പിണറായി സർക്കാറിനെതിരെ രൂക്ഷ വിമർശനമാണ് പുസ്തകത്തിലുള്ളത്. രണ്ടാം പിണറായി സർക്കാർ ദുർബലമാണെന്നും പാർട്ടിയും സർക്കാരും തെറ്റുകൾ തിരുത്തണമെന്നും ഇ പി ജയരാജൻ. തന്റെ ആത്മകഥയായ ‘കട്ടൻ ചായയും പരിപ്പുവടയും ഒരു കമ്മ്യൂണിസ്റ്റിന്റെ ജീവിതം’ ത്തിലൂടെയാണ് ഇ.പിയുടെ തുറന്നുപറച്ചിൽ. വിവാദ വിഷയങ്ങളിൽ ഉൾപ്പെടെ ആത്മകഥയിൽ പരാമർശിക്കുന്നുണ്ട്.