വയനാട് ലോക്സഭാ മണ്ഡലത്തിലും ചേലക്കര നിയമസഭാ മണ്ഡലത്തിലും ഉപതിരഞ്ഞെടുപ്പ് ഇന്ന്. വോട്ടെടുപ്പ് ആരംഭിച്ചു. വോട്ടെണ്ണൽ 23ന്.ലോക്സഭാ തിരഞ്ഞെടുപ്പിൽ ജയിച്ച മണ്ഡലം രാഹുൽ ഗാന്ധി ഒഴിഞ്ഞതിനാലാണു വയനാട്ടിൽ ഉപതിരഞ്ഞെടുപ്പ്. പ്രിയങ്ക ഗാന്ധി ആദ്യമായി ജനവിധി തേടുന്ന മത്സരമാണിത്. എംഎൽഎയായിരുന്ന കെ. രാധാകൃഷ്ണൻ ലോക്സഭയിലേക്കു ജയിച്ചതുകൊണ്ടാണു ചേലക്കര പുതിയ എംഎൽഎയെ തിരഞ്ഞെടുക്കുന്നത്. പാലക്കാട് 20നാണ് വോട്ടെടുപ്പ്. കൽപ്പാത്തി രഥോത്സവം പരിഗണിച്ചാണ് വോട്ടെടുപ്പ് മാറ്റിവച്ചത്. ജാർഖണ്ഡിൽ ഒന്നാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന ഇന്ന് 43 മണ്ഡലങ്ങളിലാണ് പോളിങ്.
മറ്റു സംസ്ഥാനങ്ങളിലും ഇന്ന് ഉപതിരഞ്ഞെടുപ്പുണ്ട്: അസം (5 മണ്ഡലങ്ങൾ), ബിഹാർ (4), ഛത്തീസ്ഗഡ് (1), ഗുജറാത്ത് (1), കർണാടക (3), മധ്യപ്രദേശ് (2), മേഘാലയ (1), രാജസ്ഥാൻ (7), സിക്കിം (2), ബംഗാൾ (6). തിരഞ്ഞെടുപ്പു തന്ത്രജ്ഞൻ പ്രശാന്ത് കിഷോറിന്റെ രാഷ്ട്രീയ പരീക്ഷണമായ ‘ജൻ സുരാജ് പാർട്ടി’ ആദ്യമായി ജനവിധി തേടുന്ന തിരഞ്ഞെടുപ്പാണ് ബിഹാറിലേത്.