എല്ലാ ആരോപണങ്ങളും കാറ്റിൽ പറത്തി ഈ വിജയം ആഘോഷിക്കുന്നുവെന്ന് നടി മാലാ പാർവതി. ഇതൊരു മുന്നേറ്റമാക്കണം അപ്പോഴെ ജയം ഇനിയും ഉണ്ടാകുമെന്നും നടി പറഞ്ഞു. A.M.M.A തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെയാണ് നടി ഈ കാര്യങ്ങൾ പറഞ്ഞത്.’പുരുഷന്മാരുടെ പേര് എഴുതിയ സ്ഥലങ്ങളിലേക്ക് സ്ത്രീകൾ വന്നു. ചരിത്രത്തിലാദ്യമായിട്ടാണ് ഇത്രയും സ്ത്രീകൾ നേതൃനിരയിലേക്ക് എത്തിയത്. എല്ലാ ആരോപണങ്ങളും കാറ്റിൽ പറത്തി ഈ വിജയം ആഘോഷിക്കുന്നു. ഇതൊരു മുന്നേറ്റമാക്കണം അപ്പോഴാണ് ജയം ഉണ്ടാകുന്നത്’, മാലാ പാർവതി പറഞ്ഞു.പ്രസിഡന്റ് ആയി ശ്വേത മേനോൻ തെരഞ്ഞെടുക്കപ്പെട്ടു. ജനറൽ സെക്രട്ടറി ആയി കുക്കു പരമേശ്വരൻ തെരഞ്ഞെടുക്കപ്പെട്ടു. കുക്കു പരമേശ്വരനും രവീന്ദ്രനുമായിരുന്നു ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിച്ചിരുന്നത്. വൈസ് പ്രസിഡന്റ് ആയി ലക്ഷ്മിപ്രിയ തെരഞ്ഞെടുക്കപ്പെട്ടു. ലക്ഷ്മിപ്രിയ, ജയൻ ചേർത്തല, നാസർ ലത്തീഫ് എന്നിവരായിരുന്നു വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചത്. വൈസ് പ്രസിഡൻ്റ് സ്ഥാനത്തേക്ക് വിജയിച്ച ലക്ഷ്മിപ്രിയയ്ക്ക് 139 വോട്ടുകൾ ലഭിച്ചപ്പോൾ ഒപ്പം മത്സരിച്ച നാസർ ലത്തീഫിന് 96 വോട്ട് ലഭിച്ചു. ജന: സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിച്ചു വിജയിച്ച കുക്കു പരമേശ്വരന് 172 വോട്ടുകൾ ലഭിച്ചപ്പോൾ ഒപ്പം മത്സരിച്ച രവീന്ദ്രന് 115 വോട്ട് ലഭിച്ചു.