ഓണ്‍ലൈന്‍ വഴിയുള്ള മദ്യവിതരണ നടപടികള്‍ നിര്‍ത്തിവയ്ക്കാന്‍ ബവ്കോയ്ക്ക് എക്സൈസ് മന്ത്രിയുടെ നിര്‍ദേശം. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് മന്ത്രി എം.ബി.രാജേഷിന്‍റെ ഇടപെടല്‍. ബവ്കോ അംഗീകാരത്തിനായി സമര്‍പ്പിച്ച ശുപാര്‍ശയില്‍ സര്‍ക്കാരിന്‍റെ തുടര്‍ നടപടിയുണ്ടാവില്ല. ബവ്കോ സ്വന്തംനിലയില്‍ ഓണ്‍ലൈന്‍ മദ്യവിതരണവുമായി ബന്ധപ്പെട്ട് സ്വകാര്യ കമ്പനികള്‍ ഉള്‍പ്പെടെ ഒരു ഏജന്‍സിയുമായും യാതൊരു ചര്‍ച്ചയും നടത്താന്‍ പാടില്ല.
സര്‍ക്കാരിന്‍റെ മദ്യനയത്തില്‍ ഓണ്‍ലൈന്‍ വിതരണത്തെക്കുറിച്ച് ആലോചിച്ചിട്ടില്ലെന്ന് ഓര്‍മപ്പെടുത്തിയാണ് ബവ്കോ എം.ഡിയോട് മന്ത്രി എം.ബി.രാജേഷിന്‍റെ മുന്നറിയിപ്പ്. ഓണ്‍ലൈന്‍ മദ്യവിതരണ ചര്‍ച്ചകള്‍ സര്‍ക്കാരിന് ക്ഷീണം ചെയ്യുമെന്ന ഘടകകക്ഷികളുടെ നിര്‍ദേശം കൂടി കണക്കിലെടുത്താണ് മുഖ്യമന്ത്രി തുടര്‍ നടപടികള്‍ പൂര്‍ണമായും നിര്‍ത്തിവയ്ക്കാന്‍ എക്സൈസ് മന്ത്രിക്ക് നിര്‍ദേശം നല്‍കിയത്
നേരത്തേ തന്നെ ഓൺലൈൻ വഴി മദ്യം വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ടുള്ള ബവ്കോ എം.ഡിയും എക്സൈസ് മന്ത്രി എം.ബി. രാജേഷും തമ്മിലുള്ള അഭിപ്രായവ്യത്യാസം വ്യക്തമായിരുന്നു. ഒരു കാരണവശാലും ഓൺലൈൻ മദ്യവിതരണം നടപ്പാക്കില്ലെന്ന് മന്ത്രി എം.ബി. രാജേഷ് വ്യക്തമാക്കിയപ്പോൾ, തിരക്ക് കുറയ്ക്കുന്നതിനും വരുമാനം വർദ്ധിപ്പിക്കുന്നതിനും ഓൺലൈൻ മദ്യവിൽപന പ്രയോജനപ്പെടുമെന്നാണ് ബവ്കോ എം.ഡി. ഹർഷിത അട്ടലൂരി പറഞ്ഞത്. സർക്കാരിന്റെ നയം പറയേണ്ടത് മന്ത്രിയാണെന്നും, ഈ വിഷയത്തിൽ എക്സൈസ് വകുപ്പ് മന്ത്രിക്ക് മുകളിൽ ഒരു ഉദ്യോഗസ്ഥനുമില്ലെന്നും എം.ബി. രാജേഷ് പറഞ്ഞിരുന്നു.