ട്വന്റിഫോര്‍ റിപ്പോര്‍ട്ടര്‍ അലക്‌സ് റാം മുഹമ്മദിനെ കേന്ദ്രമന്ത്രി സുരേഷ് ഗോപി ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ വന്‍ പ്രതിഷേധം. ഇത്തരമൊരു സംഭവം സുരേഷ് ഗോപി ആവര്‍ത്തിക്കരുതെന്ന് ട്വന്റിഫോര്‍ ചീഫ് എഡിറ്റര്‍ ആര്‍ ശ്രീകണ്ഠന്‍ നായര്‍ പറഞ്ഞു. കേന്ദ്രമന്ത്രിയെന്ന സ്ഥാനത്തിരിക്കുമ്പോള്‍ കുറച്ചുകൂടി വിനയത്തിന്റെ ഭാഷയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗാന്ധിജിയുടെ ചരിത്രം സുരേഷ് ഗോപി നന്നായി പഠിക്കണമെന്നും അദ്ദേഹത്തിന്റെ ജീവിതത്തില്‍ ഒരു സമയത്തും മാധ്യമ പ്രവര്‍ത്തകരോട് ഏറ്റുമുട്ടിയിട്ടില്ലെന്ന് അപ്പോള്‍ മനസിലാകുമെന്നും ശ്രീകണ്ഠന്‍ നായര്‍ വ്യക്തമാക്കി. വ്യക്തി സൗഹൃദവും ചാനലിലെ ആളുകള്‍ക്ക് ജോലി ചെയ്യാനുള്ള സ്വാതന്ത്ര്യവും തമ്മില്‍ ഏറ്റുമുട്ടിയാല്‍ ചാനലിലെ ആളുകള്‍ക്ക് ജോലി ചെയ്യാനുള്ള സ്വാതന്ത്ര്യത്തിനൊപ്പം താന്‍ നില്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.സംസ്ഥാന വ്യാപകമായി പ്രതിഷേധത്തിന് ഒരുങ്ങുകയാണ് പത്രപ്രവര്‍ത്തക യൂണിയന്‍. സംസ്ഥാന കമ്മിറ്റിയുടെയും വിവിധ ജില്ലാ കമ്മിറ്റികളുടെയും നേതൃത്വത്തില്‍ മാധ്യമപ്രവര്‍ത്തകരെ നിരന്തരം അവഹേളിക്കുന്ന കേന്ദ്രമന്ത്രിക്കെതിരെ പ്രതിഷേധം സംഘടിപ്പിച്ചിട്ടുണ്ട്. തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ചും യോഗവും രാവിലെ 11.30ക്ക് നടക്കും. മലപ്പുറത്തും എറണാകുളത്തും ഉച്ചയ്ക്ക് 12 മണിക്ക് മാധ്യമ പ്രവര്‍ത്തകര്‍ പ്രതിഷേധം നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം മറ്റ് ജില്ലാ കമ്മിറ്റികളും ഇന്ന് പ്രതിഷേധിക്കും.തിരുവനന്തപുരത്ത് ഒരു സ്വകാര്യ പരിപാടിയില്‍ ഉദ്ഘാടകനായി എത്തിയതായിരുന്നു സുരേഷ് ഗോപി. ഇതിനിടെ വഖഫ് പരാമര്‍ശത്തില്‍ മാധ്യമങ്ങള്‍ പ്രതികരണം തേടിയിരുന്നു. പരിപാടിയ്ക്ക് ശേഷമാണ് പ്രതികരണം തേടിയത്. എന്നാല്‍ ഒന്നും മിണ്ടാതെ കടന്നു പോകുകയായിരുന്നു. ഇതിന് ശേഷം ട്വന്റിഫോര്‍ റിപ്പോര്‍ട്ടറെ അകത്തേക്ക് വിളിച്ച് അപമര്യാദയായി പെരുമാറുകയും ധാര്‍ഷ്ട്യമായി മറുപടി നല്‍കുകയും ആയിരുന്നു.