2025 – 26 അദ്ധ്യയന വര്‍ഷത്തെ സംസ്ഥാന സ്‌കൂള്‍ കായിക മത്സരങ്ങള്‍ ഒളിമ്പിക്‌സ് മാതൃകയില്‍ തലസ്ഥാന നഗരിയായ തിരുവനന്തപുരത്ത് വച്ച് സംഘടിപ്പിക്കുവാനാണ് തീരുമാനിച്ചിട്ടുള്ളതെന്ന് മന്ത്രി വി ശിവന്‍കുട്ടി. 2025 ഒക്ടോബര്‍ 22 മുതല്‍ 27 വരെ നടത്തപ്പെടുന്ന സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ 24,000ഓളം കുട്ടികളാണ് വിവിധ ഇവന്റുകളിലായി മാറ്റുരയ്ക്കുന്നത്.കായികമേളയോട് അനുബന്ധിച്ചുള്ള ജില്ലാതല മത്സരങ്ങള്‍ 2026 ഓഗസ്റ്റ് മുതല്‍ സെപ്തംബര്‍ വരെയാണ് ഷെഡ്യൂള്‍ ചെയ്യപ്പെട്ടിട്ടുള്ളത്. കേവലം ഒരു മത്സരം എന്നതിലുപരിയായി കുട്ടികളിലെ ശാരീരിക ക്ഷമത വര്‍ദ്ധിപ്പിക്കുവാനും, കായിക വിനോദങ്ങളിലൂടെ മാനസിക പിരിമുറക്കങ്ങളെ ലഘൂകരിച്ച് കൊണ്ട് സ്‌പോര്‍ട്‌സിനോടുള്ള താല്‍പര്യം വര്‍ദ്ധിപ്പിക്കുവാനുമുള്ള ഒരു മുന്നേറ്റമായി കായികമേള മാറിക്കൊണ്ടിരിക്കുകയാണ്.കൂടാതെ കേരളത്തിലെ സ്‌കൂള്‍ വിദ്യാര്‍ത്ഥികളിലെ കഴിവുകള്‍ പ്രൊഫഷണല്‍ തലത്തില്‍ പ്രദര്‍ശിപ്പിക്കുവാനും കായികമേള അവസരം നല്‍കുന്നു. 2025-26 അദ്ധ്യയന വര്‍ഷത്തെ സംസ്ഥാന കായികമേളയിലെ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നതിന് 20 വേദികളെങ്കിലും ആവശ്യമായി വരും എന്നാണ് കണക്കാക്കിയിട്ടുള്ളത്.മുന്‍ വര്‍ഷം നടന്ന കേരള സ്‌കൂള്‍ കായികമേള കൊച്ചി ’24-നോട് അനുബന്ധിച്ച് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി, നിയമ വ്യവസായ വകുപ്പ് മന്ത്രി എന്നിവരുടെ നേതൃത്വത്തില്‍ വിപുലമായ ഓര്‍ഗനൈസിംഗ് മീറ്റിംഗുകള്‍ സംഘടിപ്പിച്ചിരുന്നു. മേയര്‍, എം.പിമാര്‍, എം.എല്‍.എമാര്‍, കായിക-സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖര്‍ എന്നിവര്‍ ഉള്‍പ്പടെ ഓര്‍ഗനൈസിംഗ് മീറ്റിംഗില്‍ പങ്കെടുത്തിരുന്നു. ഈ വര്‍ഷവും ഇത്തരത്തില്‍ ഓര്‍ഗനൈസിംഗ് കമ്മിറ്റികള്‍ രൂപികരിക്കേണ്ടതും, മേളയുടെ സുഗമമായ നടത്തിപ്പിനായി വിവിധ അധ്യാപക സംഘടനകളുടെ നേതൃത്വത്തില്‍ സബ്കമ്മിറ്റികള്‍ രൂപീകരിക്കേണ്ടതുമുണ്ട്.കേരളത്തിന്റെ കൌമാര കായികപോരാട്ടത്തില്‍ അണ്ടര്‍ 14, 17, 19 കാറ്റഗറികളില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമായി നടക്കുന്ന വിവിധ മത്സരങ്ങളില്‍ 24,000 ത്തോളം കായിക താരങ്ങളാണ് അണിനിരക്കുന്നത്. സ്‌പോര്‍ട്‌സ് മാന്വലില്‍ ഉള്‍പ്പെടുത്തിയിട്ടുളള 39 കായിക ഇനങ്ങളില്‍ നിന്നും 10000-ലധികം മത്സരങ്ങളാണ് അത്‌ലറ്റിക്‌സ്, അക്വാട്ടിക്‌സ്, ഗെയിംസ് എന്നിങ്ങനെ വിവിധ ഇവന്റുകളായി നടത്തുവാനുള്ളത്. കൂടാതെ സവിശേഷ പരിഗണന അര്‍ഹിക്കുന്ന കുട്ടികളെ ഉള്‍പ്പെടുത്തിക്കൊണ്ടുളള ഇന്‍ക്ല്യൂസീവ് സ്‌പോര്‍ട്‌സ് സ്‌കൂള്‍ കായികമേളയുടെ സര്‍വ്വ പ്രധാന ഭാഗമാണ്. ഇതോടൊപ്പം ഗള്‍ഫ് രാജ്യങ്ങളിലെ കേരള സിലബസ് പഠിക്കുന്ന കായിക പ്രതിഭകളെ കൂടി കായികമേളയില്‍ പങ്കെടുപ്പിക്കുന്നുണ്ട്.മുന്‍ വര്‍ഷം 2000 ടെക്‌നിക്കല്‍ ഒഫീഷ്യലുകളുടെയും, 500-ല്‍പ്പരം വോളന്റിയേഴ്‌സ് മാരുടെയും സേവനം മത്സരങ്ങളുടെ സുഗമമായ നടത്തിപ്പിന് ഉപയോഗപ്പെടുത്തിയിരുന്നു. കൂടാതെ പോലീസ്, ഫയര്‍ ഫോഴ്‌സ്, കോര്‍പ്പറേഷന്‍ ജീവനക്കാര്‍ തുടങ്ങിയവരുടെ സേവനവും പ്രയോജനപ്പെടുത്തിയിട്ടുണ്ട്. മത്സരം നടന്ന മുഴുവന്‍ വേദികളിലും വിവിധ മെഡിക്കല്‍ ടീമുകളുടെ സജീവ സാന്നിദ്ധ്യം ഉറപ്പാക്കിയിരുന്നു. സ്‌പോര്‍ട്‌സ് മെഡിസിന്‍/സ്‌പോര്‍ട്‌സ് ആയൂര്‍വേദ/ ഹോമിയോപ്പതി ഉള്‍പ്പെടെയുളള വിവിധ വിംഗുകള്‍ പ്രവര്‍ത്തിച്ചിരുന്നു. ഡോക്ടര്‍മാര്‍, സപ്പോര്‍ട്ടിംഗ് സ്റ്റാഫ് എന്നിവരുടെ മുഴുവന്‍ സമയ സേവനം ലഭ്യമായിരുന്നു. ആയതുപോലെ ഇക്കൊല്ലവും ഇത്തരത്തിലുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടതുണ്ട്.കേരള സ്‌കൂള്‍ കായികമേളയുടെ പ്രചരണാര്‍ത്ഥം കാസര്‍ഗോഡ് നിന്നും തിരുവനന്തപുരത്തേക്ക് ദീപശിഖാ പ്രയാണവും സംഘടിപ്പിക്കേണ്ടതുണ്ട്. കൂടാതെ 2025 -26 അദ്ധ്യയന വര്‍ഷത്തെ കായികമേളയുടെ ഭാഗ്യചിഹ്നം, പ്രൊമോ വീഡിയോ, ബ്രാന്‍ഡ് അംബാസിഡര്‍ തുടങ്ങിയവ നിശ്ചയിക്കേണ്ടതുണ്ട്. കൂടാതെ ഉദ്ഘാടന ചടങ്ങിലെത്തുന്ന വിശിഷ്ട അതിഥികള്‍, ദീപശിഖ തെളിയിക്കേണ്ട വിശിഷ്ട വ്യക്തികള്‍ എന്നിവരെ തീരുമാനിക്കേണ്ടതായിട്ടുമുണ്ട്.കൂടാതെ മേളയില്‍ ഒന്നാം സ്ഥാനം, രണ്ടാം സ്ഥാനം, മൂന്നാം സ്ഥാനം എന്നിവ കരസ്ഥാമാക്കിയവര്‍ക്ക് യഥാക്രമം സ്വര്‍ണ്ണം, വെള്ളി, വെങ്കല മെഡലുകള്‍ നല്‍കേണ്ടതുണ്ട്. മെറിറ്റ് സര്‍ട്ടിഫിക്കറ്റ്, പ്രൈസ് മണി എന്നിവയും വിതരണം ചെയ്യേണ്ടതുണ്ട്. മുന്‍ വര്‍ഷത്തെ പോലെ ഒന്നും രണ്ടും മൂന്നും സ്ഥാനക്കാരെ തലപ്പാവുകള്‍ അണിയിക്കും.സവിശേഷ പരിഗണന ആവശ്യമുളള കുട്ടികള്‍ക്ക് ഭിന്നശേഷി സൗഹൃദമായ കായിക വേദികള്‍ സജ്ജീകരിക്കേണ്ടതുണ്ട്. കൂടാതെ ഇന്‍ക്ല്യൂസീവ് സ്‌പോര്‍ട്‌സില്‍ പങ്കെടുക്കുന്ന കുട്ടികള്‍ക്ക് തിരുവനന്തപുരത്തിന്റെ നഗര കാഴ്ചകള്‍ കാണാനും, അനുഭവിച്ചറിയാനും, കെ.എസ്.ആര്‍.ടി.സി. ലോ ഫേളാര്‍ ബസികളില്‍ പ്രത്യേക യാത്രകള്‍ സംഘടിപ്പിക്കാവുന്നതാണ്. മുന്‍ വര്‍ഷം ഇന്‍ക്ല്യൂസീവ് മത്സരങ്ങളുടെ വിക്ടറി സെറിമണി ചടങ്ങില്‍ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ കരസ്ഥമാക്കിയവര്‍ക്ക് യഥാക്രമം 112 സ്വര്‍ണ്ണം/112 വെളളി/ 112 വെങ്കലം മെഡലുകളും, മെറൂണ്‍, നീല, ഓറഞ്ച് തലപ്പാവുകളും സമ്മാനിച്ചിട്ടുണ്ട്. കൂടാതെ പങ്കെടുത്ത എല്ലാ കുട്ടികള്‍ക്കും സര്‍ട്ടിഫിക്കറ്റും, മെമന്റോയും വിതരണം ചെയ്തിരുന്നു. ഈ വര്‍ഷവും ഈ മാതൃക സ്വീകരിക്കും.കഠിനമായ കായികമത്സരങ്ങളില്‍ പങ്കെടുക്കുന്ന കായിക താരങ്ങള്‍ക്ക് സ്‌പോര്‍ട്‌സ് ന്യൂട്രീഷ്യന്‍ മെനു പ്രകാരമുളള ഭക്ഷണം വിതരണം ചെയ്യേണ്ടത് അത്യന്താപേക്ഷിതമാണ്. കൂടാതെ കുട്ടികള്‍ക്ക് ആവശ്യമായ താമസസൗകര്യം ക്രമീകരിക്കേണ്ടതും, താമസസ്ഥലം- മത്സരവേദി – ഭക്ഷണ വിതരണ കേന്ദ്രം എന്നിവിടങ്ങളിലേക്കുളള യാത്ര സുഗമമാക്കുന്നതിന് കെ.എസ്.ആര്‍.ടി.സി ലോ ഫ്‌ളോര്‍ ബസുകളുടെ ലഭ്യത ഉറപ്പാക്കേണ്ടതും അത്യന്താപേക്ഷിതമാണ്.കായിക, കലാ-സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖര്‍ പങ്കെടുക്കുന്ന പ്രൗഢ ഗംഭീരമായ കായികമേളയുടെ സമാപന ചടങ്ങില്‍ മുന്‍ വര്‍ഷത്തെപോലെ ജില്ലകളുടെ മാര്‍ച്ച് പാസ്റ്റ്, കുട്ടികളുടെ വര്‍ണ്ണാഭമായ വിവിധ കലാപ്രകടനങ്ങള്‍, വെടിക്കെട്ട് എന്നിവ ഉള്‍പ്പെടുത്തുന്നത് മേളയെ കൂടുതല്‍ ആസ്വാദ്യകരമാക്കുന്നതാണ്. കൂടാതെ മുന്‍ വര്‍ഷത്തെപോലെ മുഖ്യമന്ത്രി കൂടി സമാപന സമ്മേളനത്തിന്റെ ഭാഗമാകുന്നത് മേളയെ കൂടുതല്‍ വര്‍ണ്ണഗാംഭീര്യമാക്കുന്നതാണ്.