കണ്ണൂർ ആറളം മേഖലയിൽ മലവെള്ളപ്പാച്ചിൽ. വനത്തിൽ ഉരുൾപൊട്ടിയതായി സംശയം. പുനരധിവാസ മേഖലയിലെ പതിമൂന്ന്, പതിനൊന്ന് ബ്ലോക്കുകളിൽ വെള്ളം കയറി. വനപ്രദേശത്തുള്ള ആളുകളെ മാറ്റി പാർപ്പിച്ചു. ഇന്ന് വൈകിട്ടോടെയാണ് മലവെള്ളപ്പാച്ചിൽ ഉണ്ടായത്. ആറളം പുഴയിലും ബാവലി പുഴയിലുമാണ് മലവെള്ളപ്പാച്ചിൽ ഉണ്ടായത്. തീര പ്രദേശത്തുള്ളവർക്ക് ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്
പുഴകളിൽ വളരെ പെട്ടെന്ന് ജലനിരപ്പ് ഉയർന്നതും പ്രദേശത്തേക്ക് വെള്ളം കയറുകയും ചെയ്യുകയായിരുന്നു. ഉൾവനത്തിൽ ഉരുൾപൊട്ടിയതായി സംശയമുണ്ടെന്നാണ് പ്രദേശവാസികൾ പറയുന്നത്. എന്നാൽ ജില്ലാ ഭരണകൂടം ഇത് സ്ഥിരീകരിച്ചിട്ടില്ല. രണ്ട് ബ്ലോക്കുകളിലാണ് വെള്ളം കയറിയത്. ഇവിടെ 25 ഓളം കുടുംബങ്ങളാണുള്ളത്. ഇവരെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. മലയോര മേഖലയിൽ അതിശക്തമായ മഴ പെയ്യുന്നുണ്ട്. പഴശ്ശി ഡാമിന്റെ ഷട്ടറുകൾ ഉയർത്തുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. നിലവിൽ 13 ഷട്ടറുകൾ ഉയർത്തിയിട്ടുണ്ട്.