പാലക്കാട്: വടക്കഞ്ചേരിയില്‍ യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച സംഭവത്തില്‍ ഭര്‍ത്താവ് റിമാന്‍ഡില്‍. മരിച്ച നേഘയുടെ ഭര്‍ത്താവ് ആലത്തൂര്‍ തോണിപ്പാടം സ്വദേശി പ്രദീപിനെയാണ് ആലത്തൂര്‍ കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തത്. പ്രദീപിനെതിരെ കഴിഞ്ഞ ദിവസം ആത്മഹത്യാപ്രേരണകുറ്റം ചുമത്തി കേസെടുത്തിരുന്നു.നിലവില്‍ കേസിന്റെ അന്വേഷണച്ചുമതല ഡിവൈഎസ്പിക്കാണ്. ആലത്തൂര്‍ ഡിവൈഎസ്പി എന്‍ മുരളീധരന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം കേസ് അന്വേഷിക്കും. ജില്ലാ പൊലീസ് മേധാവി അന്വേഷണ ഉദ്യോഗസ്ഥരുടെ പ്രത്യേക യോഗം വിളിച്ചിട്ടുണ്ട്. നേഘയുടെ അമ്മയുടേയും ബന്ധുക്കളുടേയും മൊഴിയും അന്വേഷണ സംഘം രേഖപ്പെടുത്തിയിട്ടുണ്ട്.യുവതിയുടേത് തൂങ്ങിമരണമാണെന്ന് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിരുന്നു. പിന്നാലെ നേഖയുടെ മരണത്തില്‍ പ്രദീപിന്റെ പങ്ക് ആരോപിച്ച് ബന്ധുക്കളും രംഗത്തെത്തിയിരുന്നു. പാലക്കാട് വടക്കഞ്ചേരി കാരപ്പറ്റ കുന്നുംപള്ളി നേഖ സുബ്രഹ്‌മണ്യനെ(25)യാണ് പ്രദീപിന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണത്തിന് പിന്നാലെ തന്നെ പ്രദീപിനെതിരെ ആരോപണവുമായി നേഖയുടെ ബന്ധുക്കള്‍ രംഗത്തെത്തിയിരുന്നു.മകള്‍ ആത്മഹത്യ ചെയ്യില്ലെന്നും മകളെ പ്രദീപ് കൊന്നതാണെന്നും നേഖയുടെ അമ്മ ജയന്തി പ്രതികരിച്ചിരുന്നു. നേഖയെ മുമ്പും ഭര്‍ത്താവ് ഉപദ്രവിച്ചിരുന്നുവെന്നാണ് അമ്മ ആരോപിക്കുന്നത്. മക്കളില്ലാത്തതുമായി ബന്ധപ്പെട്ട് നേരത്തെയും നേഖയെ പ്രദീപ് മര്‍ദ്ദിച്ചിരുന്നുവെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്.