വിഎസിനോടുള്ള ആദരസൂചകമായി സർക്കാർ ഇന്ന് പൊതുഅവധി പ്രഖ്യാപിച്ചു. എല്ലാ സർക്കാർ ഓഫിസുകൾക്കും പ്രഫഷനൽ കോളജുകള്‍ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പൊതുമേഖല/ സ്റ്റാറ്റ്യൂട്ടറി/സ്വയംഭരണ സ്ഥാപനങ്ങൾക്കും ബാങ്കുകൾ ഉൾപ്പെടെ നെഗോഷ്യബ്ൾ ഇൻസ്ട്രുമെന്റ് നിയമപ്രകാരം പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. ഇന്നു മുതൽ 3 ദിവസം സംസ്ഥാനത്ത് ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു.ദേശീയപതാക താഴ്ത്തികെട്ടും. പിഎസ്എസി ഇന്നത്തെ എല്ലാ പരീക്ഷകളും മാറ്റിവച്ചു. കേരള, കാലിക്കറ്റ്, എംജി, കണ്ണൂർ, ആരോഗ്യ സർവകലാശാലകൾ ഇന്നു നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി
വിഎസിന്റെ നിര്യാണം പാർട്ടിക്കു നികത്താനാകാത്ത നഷ്ടമെന്നു സിപിഎം സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ പറഞ്ഞു. നവോത്ഥാന പ്രസ്ഥാനങ്ങൾ മുന്നോട്ടുവച്ച സാമൂഹിക നീതിയുടെ കാഴ്ചപ്പാടിനൊപ്പം നിലയുറപ്പിക്കുകയും അവയെ വർഗസമര കാഴ്ചപ്പാടുമായി കണ്ണി ചേർക്കുകയും ചെയ്ത കമ്യൂണിസ്റ്റായിരുന്നു വിഎസ്. പാരിസ്ഥിതിക പ്രശ്നങ്ങൾ വർഗസമരത്തിന്റെ ഭാഗമാണെന്നു കണ്ട് അദ്ദേഹം ഇടപെട്ടു. സ്ത്രീസമത്വത്തിന്റെ ആശയങ്ങൾക്കൊപ്പം നിലയുറപ്പിക്കുകയും അവരുടെ ജനാധിപത്യ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി നിലകൊള്ളുകയും ചെയ്തുവെന്നും സെക്രട്ടേറിയറ്റ് അനുസ്മരിച്ചു.
വി.എസ്. അച്യുതാനന്ദന്റെ മൃതദേഹത്തിന്റെ പൊതുദർശനം, വിലാപയാത്ര എന്നീ കാരണങ്ങളാൽ നഗരത്തിൽ ഇന്ന് രാവിലെ മുതൽ തലസ്ഥാന നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. സെക്രട്ടേറിയറ്റ് ഭാഗത്തേക്ക് ഗതാഗതവും പ്രധാന റോഡിലും ഇടറോഡുകളിലും പാർക്കിങ്ങും അനുവദിക്കില്ല.