ബാഴ്‌സലോണ: ബാഴ്‌സലോണയില്‍ ലയണല്‍ മെസ്സി അണിഞ്ഞിരുന്ന പത്താംനമ്പര്‍ ജഴ്‌സി ഇനി ലമീന്‍ യമാലിന് സ്വന്തം. ‘ഞങ്ങളുടെ പത്ത്’ എന്ന അടിക്കുറിപ്പോടെ യമാലിനെ പത്താംനമ്പര്‍ ജഴ്‌സിയില്‍ അവതരിപ്പിക്കുന്ന വീഡിയോ ബാഴ്‌സ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചു. മെസ്സി ബാഴ്‌സ വിട്ട് പിഎസ്ജിയിലേക്ക് പോയതിനു പിന്നാലെ 2021 മുതല്‍ അന്‍സു ഫാത്തിയായിരുന്നു പത്താംനമ്പര്‍ ജഴ്‌സിയണിഞ്ഞിരുന്നത്.പലപ്പോഴും മെസ്സിയോട് താരതമ്യം ചെയ്യപ്പെട്ട യമാല്‍, മെസ്സിയെപ്പോലെത്തന്നെ ബാഴ്‌സലോണയിലൂടെ വളര്‍ന്നത്. 41-ാം നമ്പര്‍ ജഴ്‌സിയണിഞ്ഞായിരുന്നു അരങ്ങേറ്റം. ക്ലബ്ബിനായി നൂറിലധികം മത്സരങ്ങളില്‍നിന്ന് 25 ഗോളുകള്‍ നേടിയിട്ടുണ്ട്. 27-ാം നമ്പര്‍ ജഴ്‌സിയണിഞ്ഞ് ഒരു സീസണ്‍ കളിച്ചശേഷം ഇക്കഴിഞ്ഞ വേനലില്‍ 19-ാം നമ്പര്‍ ജഴ്‌സയിലില്‍ കളിച്ചു. 2005-2008 വര്‍ഷങ്ങള്‍ക്കിടയില്‍ മെസ്സിയുടെ ജഴ്‌സി നമ്പറും 19 തന്നെയായിരുന്നു. പിന്നാലെയാണിപ്പോള്‍ മെസ്സിയുടെ അതിപ്രശസ്ത നമ്പറായ പത്താംനമ്പര്‍ ജഴ്‌സിയിലേക്ക് മാറുന്നത്.പത്താംനമ്പര്‍ ജഴ്‌സി അണിഞ്ഞിരുന്ന അന്‍സു ഫാത്തിക്ക് തുടര്‍ച്ചയായ പരിക്കുകള്‍ കാരണം ടീമില്‍ ശോഭിക്കാന്‍ കഴിഞ്ഞിരുന്നില്ല. തുടര്‍ന്ന് ജൂലായ് ആദ്യത്തില്‍ മൊണാക്കോയിലേക്ക് ലോണടിസ്ഥാനത്തില്‍ കൂടുമാറുകയായിരുന്നു. മാറഡോണ, റൊണാള്‍ഡീഞ്ഞ്യോ, റിവാള്‍ഡോ എന്നിവരെല്ലാം മുന്‍പ് ബാഴ്‌സലോണയില്‍ പത്താംനമ്പര്‍ ജഴ്‌സിയണിഞ്ഞിട്ടുണ്ട്. കഴിഞ്ഞ ജൂലായ് 13-നാണ് യമാലിന് 18 വയസ്സ് പൂര്‍ത്തിയായത്.