മലപ്പുറം: സംസ്ഥാനത്ത് പാമ്പുകടിയേറ്റുള്ള മരണങ്ങൾ ഗണ്യമായി കുറയുന്നുവെന്ന് കണക്കുകൾ. 2019-ൽ 123 പേർ പാമ്പുകടിയേറ്റു മരിച്ചിരുന്നു. 2024-ൽ ഇത് 34 ആയി കുറഞ്ഞു. കഴിഞ്ഞ പത്തുവർഷത്തിനിടെ സംസ്ഥാനത്ത് 921 പേർ പാമ്പുകടിയേറ്റു മരിച്ചു.2030 ഓടെ പാമ്പുകടിയേറ്റുള്ള മരണം പൂർണമായും ഇല്ലാതാക്കാനായി വനംവകുപ്പിന്റെ ‘സർപ്പ’ മൊബൈൽ ആപ്പ്, ‘പാമ്പുവിഷബാധ ജീവഹാനി രഹിത കേരളം’ തുടങ്ങിയ പദ്ധതികൾ നടപ്പാക്കി വരുന്നു. ഇവ പാമ്പുകടിയേറ്റുള്ള മരണം കുറയ്ക്കാൻ സഹായകമാവുന്നുണ്ടെന്നാണ് വിലയിരുത്തൽ.നിലവിൽ കേരളത്തിൽ താലൂക്ക് ആശുപത്രികൾ മുതൽ മെഡിക്കൽ കോളേജുകൾ വരെയുള്ള ആശുപത്രികളിലാണ് ആന്റി വെനം ലഭ്യമാക്കിയിട്ടുള്ളത്. 2024-ൽ എല്ലാ കുടുംബാരോഗ്യ കേന്ദ്രങ്ങളിലും ലഭ്യത ഉറപ്പുവരുത്തതിനുള്ള പ്രാഥമിക നടപടികൾ തുടങ്ങി.
‘‘പാമ്പുവിഷബാധ ജീവഹാനി രഹിത കേരളം’’ പദ്ധതിക്കായി 2025-ലെ സംസ്ഥാന ബജറ്റിൽ 25 കോടി രൂപയാണ് നീക്കിവെച്ചിട്ടുള്ളത്.
പാമ്പുകളെപ്പറ്റിയുള്ള അവബോധം വർധിപ്പിക്കുന്നതിനുള്ള ദിനമായാണ് ജൂലായ് 16 ലോക പാമ്പുദിനമായി ആചരിക്കുന്നത്. പാമ്പുകളോടുള്ള പേടി മാറ്റുക, പാമ്പുകൾ ഉൾക്കൊള്ളുന്ന ആവാസവ്യവസ്ഥയെ ആദരിക്കുക, പാമ്പുകടിയേറ്റുള്ള മരണങ്ങൾ തടയുക എന്നിവയാണ് ലക്ഷ്യങ്ങൾ.
സർപ്പ മൊബൈൽ ആപ്പ്
2020 ഓഗസ്റ്റിലാണ് സർപ്പ (സ്‌നേക്ക് അവേർനെസ് റെസ്‌ക്യു ആൻഡ് പ്രൊട്ടക്‌ഷൻ ആപ്പ്) പ്രവർത്തനം തുടങ്ങിയത്. അഞ്ചാം വർഷത്തിലേക്കു കടക്കുമ്പോൾ 34700 പേരാണ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്തിട്ടുള്ളത്.സാമൂഹിക വനവത്കരണവിഭാഗം റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർമാരാണ് സർപ്പ ജില്ലാ കോഡിനേറ്റർമാർ.ഭീഷണിയാവുന്ന നിലയിൽ കണ്ടെത്തുന്ന പാമ്പിന്റെ ചിത്രം ‘സർപ്പ’ മൊബൈൽ ആപ്പിൽ അപ്‌ലോഡ് ചെയ്താൽ പരിശീലനം നേടിയ സന്നദ്ധപ്രവർത്തകരെത്തി അതിനെ പിടികൂടി നീക്കംചെയ്യും. ഇതിനായി പ്രത്യേകപരിശീലനം നൽകിവരുന്നു.പാമ്പുകളെപ്പറ്റിയുള്ള സംശയനിവാരണം, പാമ്പിൻവിഷ ചികിത്സ നൽകുന്ന ആശുപത്രികളുടെ വിവരം, അംഗീകൃത റെസ്‌ക്യുവർമാരുടെ മൊബൈൽനമ്പർ എന്നിവ ആപ്പിൽനിന്ന് ലഭിക്കും
പരിശീലനം നേടി 5343 പേർ
സർപ്പ വോളൻറിയർമാരാകാനായി 2025 മാർച്ച് വരെ 5343 പേരാണ് പരിശീലനം നേടിയത്. താത്പര്യമുള്ളവർക്ക് വനംവകുപ്പിന്‍റെ അംഗീകൃത മാസ്റ്റർ ട്രെയിനർമാർ പരിശീലനം നൽകുന്നു. 3061 പേർക്ക് വനംവകുപ്പിന്റെ സർട്ടിഫിക്കേഷനും നൽകിയിട്ടുണ്ട്. സംസ്ഥാനത്തെ എൻസിസി കെഡേറ്റ്‌സ്, സിആർപിഎഫ്, ഡോക്ടർമാർ, നഴ്‌സിങ് സ്റ്റാഫ്, മെഡിക്കൽ വിദ്യാർഥികൾ തുടങ്ങിയവർക്കും പരിശീലനം നൽകുന്നുണ്ട്.