കുറ്റിപ്പുറം: ദേശീയപാതാ 66-ല്‍ കുറ്റിപ്പുറം ആറുവരിപ്പാതയിലെ ജങ്ഷനിലെ വാഹനാപകടം കുറയ്ക്കുന്നതിനായി താത്കാലിക വേഗതാനിയന്ത്രണ സംവിധാനം സ്ഥാപിച്ചു. പ്ലാസ്റ്റിക് വീപ്പകള്‍കൊണ്ട് താത്കാലിക ഡിവൈഡറുകള്‍ സ്ഥാപിച്ചാണ് വേഗത നിയന്ത്രിക്കുന്നത്.ഇവിടുത്തെ വാഹനാപകട സാധ്യതയുടെ ഭീകരാവസ്ഥ കുറ്റിപ്പുറത്തെ യുണൈറ്റഡ് ക്ലബ് പ്രവര്‍ത്തകര്‍ കരാര്‍ കമ്പനിയായ കെഎന്‍ആര്‍ എല്‍സിയുടെ പ്രോജക്ട് കോഡിനേറ്റര്‍ വെങ്കിട്ട റെഡ്ഢിയെ സ്ഥലത്തെത്തിച്ച് ബോധ്യപ്പെടുത്തിയതിനെത്തുടര്‍ന്നാണ് വേഗ നിയന്ത്രണത്തിന് താത്കാലികമായ സംവിധാനം ഒരുങ്ങിയത്.ദേശീയപാതയിലൂടെ വളാഞ്ചേരി ഭാഗത്തുനിന്ന് വരുന്ന ബസുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വാഹനങ്ങളും കുറ്റിപ്പുറം നഗരത്തിലേക്ക് പ്രവേശിക്കുന്നത് പൊന്നാനി ഭാഗത്തേക്കുപോകുന്ന ഭാഗത്തിന്റെ വലത് ഭാഗത്തുകൂടി യു ടേണ്‍ എടുത്ത് താഴെ ഹൈവേ ജങ്ഷനിലേക്കുള്ള സര്‍വീസ് റോഡ് വഴിയാണ്.നിലവിലെ റെയില്‍വേ മേല്‍പ്പാലംവഴി കുറ്റിപ്പുറം നഗരത്തിലേക്ക് ടൗണിലേക്ക് പ്രവേശിക്കാനുള്ള സര്‍വീസ് റോഡിന്റെ പണിപൂര്‍ത്തിയാകാത്തത് മൂലമാണ് യുടേണെടുത്ത് വാഹനങ്ങള്‍ കടന്നുവരുന്നത്. യു ടേണ്‍ എടുക്കുന്ന ഭാഗത്താണ് വാഹനങ്ങള്‍ നിരന്തരം അപകടത്തില്‍പ്പെടുന്നത്. യുടേണ്‍ എടുക്കുന്ന വാഹനവും എതിരേവരുന്ന വാഹനവും തമ്മിലാണ് അപകടങ്ങള്‍ ഉണ്ടാകുന്നത്. ഈ സാഹചര്യത്തിലാണ് ക്ലബ്ബ് പ്രവര്‍ത്തകര്‍ കഴിഞ്ഞ ആഴ്ച കരാര്‍ കമ്പനിയെ സമീപിക്കുന്നത്.