ചാലിശേരി: പെരുമ്പിലാവ്-നിലമ്പൂർ പാതയിലുള്ള ചാലിശേരി മെയിൻ റോഡ് ജംക്ഷനിലെ പഴയ ട്രാഫിക് തറ പൊളിച്ച് മാറ്റണമെന്നാവശ്യപ്പെട്ട് നാട്ടുകാരുടെയും യാത്രക്കാരുടെയും ആവശ്യം ശക്തമാകുന്നു. മൂന്ന് റോഡുകൾ ചേർന്നുള്ള പ്രധാന ജംക്ഷനിൽ വാഹനഗതാഗതം സുഗമമാക്കാനായി സ്ഥാപിച്ചിരുന്ന ഈ തറ, ഇപ്പോൾ അപകട ഭീഷണിയായി മാറിക്കഴിഞ്ഞു.
മലപ്പുറം-തൃശൂർ അതിർത്തി പങ്കിടുന്ന ഈ പ്രദേശം ചങ്ങരംകുളം, കോക്കൂർ, കുന്നംകുളം, പട്ടാമ്പി, ഗുരുവായൂർ എന്നിവിടങ്ങളിലേക്ക് പോകുന്ന പ്രധാന യാത്രാമാർഗമാണ്. നേരെയുള്ള റോഡിലൂടെയാണ് പ്രധാന വാഹനങ്ങൾ കടന്നുപോകുന്നത്. എന്നാൽ, ചാലിശ്ശേരി പൊലീസ് സ്റ്റേഷൻ ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ ട്രാഫിക് തറ ചുറ്റി വഴിതിരിയേണ്ടിവരുന്നതും ഇതേകുടി ഗതാഗതതടസ്സം സൃഷ്ടിക്കുന്നതും അപകട സാധ്യത വർദ്ധിപ്പിക്കുന്നതുമാണ്.
ഇന്നലെ ട്രാഫിക് തറയ്ക്കു സമീപം കാർ നിയന്ത്രണം വിട്ട് അപകടത്തിൽപ്പെട്ടിരുന്നു. വാഹനം തകരാറിലായെങ്കിലും യാത്രക്കാരൾക്ക് വലിയ പരിക്കില്ലായിരുന്നു. കഴിഞ്ഞ ആഴ്ച്ച മാത്രം മൂന്ന് ഇരുചക്രവാഹനങ്ങൾ തറയ്ക്കു സമീപം അപകടത്തിൽപെട്ടതായും റിപ്പോര്‍ട്ടുണ്ട്.
ഓട്ടോ, ടാക്സി തൊഴിലാളികളും മറ്റു സംഘടനകളും പലതവണ ഈ വിഷയത്തിൽ അധികാരികളെ സമീപിച്ചിട്ടും ഇതുവരെ യാതൊരുവിധ നടപടികളും ഉണ്ടായിട്ടില്ല. നിലവിൽ ഈ ട്രാഫിക് തറ വിവിധ രാഷ്ട്രീയ, സാമൂഹിക സംഘടനകൾ കൊടിതോരണങ്ങൾ കെട്ടുന്നതിനായാണ് ഉപയോഗിക്കുന്നത്.
ജംക്ഷനിലുള്ള ഹൈമാസ്‌റ്റ് ലൈറ്റിന് ചുറ്റും പുതിയ റൗണ്ടാന തയ്യാറാക്കി പഴയ തറ പൂർണമായും നീക്കം ചെയ്യണമെന്നാണ് നാട്ടുകാരും വാഹനയാത്രക്കാരും ഒരുമിച്ചാവശ്യപ്പെടുന്നത്.