ന്യൂഡൽഹി: ഒമ്പത് വർഷത്തിനിടെ ഫിഫാ റാംങ്കിംഗിൽ ഏറ്റവും മോശം അവസ്ഥയിലാണ് ഇപ്പോൾ ഇന്ത്യൻ ഫുട്ബോൾ ടീം. പുതിയ റാങ്കിംഗിൽ ആറ് സ്ഥാനങ്ങൾ താഴേക്ക് പോയ ഇന്ത്യ 133-ാം സ്ഥാനത്തെത്തി. ജൂണിൽ നടന്ന ഏഷ്യാ കപ്പ് മത്സരങ്ങളിൽ വിയറ്റ്നാമിനോടും തായ്‌ലെൻഡിനോടും തുടർച്ചയായ തോൽവികൾ ഏറ്റുവാങ്ങേണ്ടി വന്നതാണ് റാങ്കിംഗിലെ ഇടിവിന് കാരണം.അതേസമയം ടീമിനുവേണ്ട അടിസ്ഥാന സൗകര്യ വികസനം ഇപ്പോഴും പിന്നിലാണ്. ലോകോത്തര സൗകര്യങ്ങളുടെയും പരിശീലന മൈതാനങ്ങളുടെയും അഭാവമുണ്ട്. അന്താരാഷ്ട്ര തലത്തിൽ മത്സരിക്കാൻ കഴിയുന്ന കഴിവുള്ള കളിക്കാരെ ഇന്ത്യയ്ക്ക് ആവശ്യമുണ്ട്. മാത്രമല്ല ടീം മാനേജ്മെന്റിനുള്ളിലെ പ്രശ്നങ്ങളും വളർച്ചയ്ക്ക് തടസമാകുന്നുണ്ട്.2016 ഡിസംബറിൽ ഇന്ത്യ 135-ാം റാങ്കിലായിരുന്നതിനുശേഷം ഏറ്റവും താഴ്ന്ന നിലയാണ് ഇപ്പോൾ രേഖപ്പെടുത്തിയിരിക്കുന്നത്. 2024 ജൂലായിൽ കോച്ച് മനോലോ മാർക്വേസ് ചുമതലയേറ്റ ശേഷം എട്ട് മത്സരങ്ങളിൽ നിന്ന് ഒരു മത്സരം മാത്രമേ ഇന്ത്യ വിജയിച്ചിട്ടുള്ളൂ. പിന്നാലെ ഒരു വർഷം കൂടി കാലാവധിയുണ്ടായിരുന്ന മനോലോ പരീശീലന സ്ഥാനം ഉപേക്ഷിച്ചു.നിലവിലെ പട്ടികയിൽ അർജന്റീനയാണ് റാങ്കിംഗിൽ മുൻപന്തിയിൽ നിൽക്കുന്നത്. തൊട്ടുപിന്നാലെ സ്പെയിൻ, ഫ്രാൻസ്, ഇംഗ്ലണ്ട്, ബ്രസീൽ, പോർച്ചുഗലും.1996ൽ 94-ാം സ്ഥാനത്ത് എത്തിയതാണ് ഇന്ത്യയുടെ ഇതുവരെയുള്ള ഏറ്റവും മികച്ച റാങ്കിംഗ്. ഒക്ടോബറിൽ ഏഷ്യാ കപ്പ് യോഗ്യതാ മത്സരങ്ങളുടെ മൂന്നാം റൗണ്ടിൽ സിംഗപ്പൂരിനെതിരെയാണ് ഇന്ത്യയുടെ അടുത്ത അന്താരാഷ്ട്ര മത്സരം.