പൊതുമരാമത്ത് റോഡില്‍ അലക്ഷ്യമായി ഇറക്കിയിട്ടിരുന്ന മെറ്റലില്‍ തെന്നിവീണ സ്‌കൂട്ടര്‍ യാത്രക്കാരിക്ക് നഷ്ടപരിഹാരം നല്‍കാന്‍ മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവ്. തിരുവനന്തപുരം തൊളിക്കോട് ഗ്രാമപഞ്ചായത്താണ് 22500 രൂപ നഷ്ടപരിഹാരം നല്‍കേണ്ടത്. രണ്ട് മാസത്തിനുള്ളില്‍ നഷ്ടപരിഹാരം നല്‍കിയില്ലെങ്കില്‍ എട്ട് ശതമാനം പലിശ നല്‍കേണ്ടി വരുമെന്ന് ഉത്തരവില്‍ പറയുന്നു.തുക നല്‍കിയ ശേഷം തൊളിക്കോട് പഞ്ചായത്ത് സെക്രട്ടറി നടപടി റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. നഷ്ടപരിഹാരം പഞ്ചായത്ത് നല്‍കിയ ശേഷം ഉത്തരവാദികളില്‍ നിന്നും നിയമാനുസരണം ഈടാക്കാന്‍ തൊളിക്കോട് പഞ്ചായത്തിന് സ്വാതന്ത്ര്യമുണ്ടായിരിക്കുമെന്നും ഉത്തരവില്‍ പറയുന്നു.2023 മേയ് ഒമ്പതിനാണ് അപകടമുണ്ടായത്. മൈലാമൂട് ട്രാന്‍സ്‌ഫോര്‍മറിന് സമീപം റോഡിലുണ്ടായിരുന്ന മെറ്റലിലാണ് നെടുമങ്ങാട് സ്വദേശിനി സ്മിതാ ഭാസ്‌കറിന്‍റെ സ്‌കൂട്ടര്‍ തെന്നി വീണ് അപകടമുണ്ടായത്. തുടര്‍ന്ന് കൊച്ചിയില്‍ നേവി ഉദ്യോഗസ്ഥനായ ഭര്‍ത്താവിന് അവധിയെടുത്ത് വന്ന് ഭാര്യയെ ശുശ്രൂഷിക്കേണ്ടതായി വന്നുവെന്നും പരാതിയില്‍ പറയുന്നു. കമ്മീഷന്‍റെ ചീഫ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസര്‍ സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ടത്.പഞ്ചായത്ത് റോഡില്‍ പണി ചെയ്യാനുള്ള മെറ്റല്‍ അനുവാദമില്ലാതെ പൊതുമരാമത്ത് റോഡില്‍ ഇറക്കിയിട്ടത് നിയമവിരുദ്ധമാണെന്ന് കമ്മീഷന്‍ കണ്ടെത്തി. വഴിയാത്രക്കാര്‍ക്ക് മെറ്റല്‍ കാരണം അപകടം സംഭവിക്കാതിരിക്കാനുള്ള മുന്‍കരുതല്‍ പഞ്ചായത്ത് സ്വീകരിച്ചില്ലെന്ന് ഉത്തരവില്‍ പറഞ്ഞു. റോഡിന്‍റെ വശങ്ങളില്‍ നിര്‍മാണ വസ്തുക്കള്‍ നിക്ഷേപിക്കുമ്പോള്‍ പൊതുജനങ്ങള്‍ക്ക് അപകടം സംഭവിക്കാതിരിക്കാനുള്ള സുരക്ഷാ നടപടികള്‍ മുന്‍കൂട്ടി സ്വീകരിക്കാനുള്ള ബാധ്യത ഉദ്യോഗസ്ഥര്‍ക്കുണ്ടെന്ന് ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ് ഉത്തരവില്‍ വ്യക്തമാക്കി.