‘മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ്’ എന്ന സിനിമയ്ക്ക് ശേഷം അഭിനവ് സുന്ദർ നായക് ഒരുക്കുന്ന അടുത്ത സിനിമയാണ് ‘മോളിവുഡ് ടൈംസ്’. നസ്‌ലെൻ ആണ് സിനിമയിൽ നായകനായി എത്തുന്നത്. ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ നേരത്തെ പുറത്തുവിട്ടിരുന്നു. ഇപ്പോഴിതാ സിനിമയുടെ പുതിയ അപ്ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ് സംവിധായകൻ അഭിനവ് സുന്ദർ നായക്.തുടരും, രണം, കിംഗ് ഓഫ് കൊത്ത തുടങ്ങി നിരവധി മലയാള സിനിമകൾക്ക് സംഗീതമൊരുക്കിയ ജേക്സ് ബിജോയ് ആണ് ഈ നസ്‌ലെൻ സിനിമയ്ക്കും സംഗീതമൊരുക്കുന്നത്. ജേക്സിനൊപ്പമുള്ള ചിത്രം സംവിധായകൻ അഭിനവ് കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചു. ചിത്രത്തിന്റെ ഷൂട്ട് ഉടൻ ആരംഭിക്കും. ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസ് ആണ് മോളിവുഡ് ടൈംസ് നിർമിക്കുന്നത്. വിനീത് ശ്രീനിവാസന്റെ സംവിധാന സഹായിയായിരുന്നു അഭിനവ്. ‘ആനന്ദം’, ‘ഗോദ’, ‘ഉറിയടി’, ‘കുരങ്ങു ബൊമ്മൈ’ തുടങ്ങി നിരവധി സിനിമകളുടെ എഡിറ്ററായും അഭിനവ് പ്രവർത്തിച്ചിട്ടുണ്ട്. രാമു സുനിൽ ആണ് സിനിമയ്ക്കായി തിരക്കഥയൊരുക്കുന്നത്.മോഹൻലാൽ ചിത്രമായ തുടരുമിന് സംഗീതം ഒരുക്കിയത് ജേക്സ് ആയിരുന്നു. മികച്ച പ്രതികരണമായിരുന്നു സിനിമയിലെ ഗാനങ്ങൾക്കും പശ്ചാത്തലസംഗീതത്തിനും ലഭിച്ചത്. ചിത്രത്തിലെ എല്ലാവരും ആഘോഷിച്ച പൊലീസ് സ്റ്റേഷൻ ഫൈറ്റ് സീനിലെ മോഹൻലാലിന്റെ സ്റ്റണ്ടുകൾക്കൊപ്പം ജേക്സിൻ്റെ പശ്ചാത്തലസംഗീതവും ഏറെ ചർച്ചയായിരുന്നു. നസ്‌ലെൻ ചിത്രമായ ലോക, പൃഥ്വിരാജിന്റെ വിലായത്ത് ബുദ്ധ, ദുൽഖർ ചിത്രം ഐ ആം ഗെയിം എന്നിവയാണ് ഇനി വരാനുള്ള ജേക്സ് സിനിമകൾ.