കോഴിക്കോട് : 39 വർഷം മുൻപ് പതിനാലാം വയസിൽ നടത്തിയ കൊലപാതകം പൊലീസിനോട് വെളിപ്പെടുത്തിയിരിക്കുകയാണ് 54കാരനായ മുഹമ്മദാലി. മലപ്പുറം വേങ്ങര പൊലീസ് സ്റ്റേഷനിലെത്തിയാണ് സംഭവം വെളിപ്പെടുത്തിയത്. 39 വര്‍ഷം കുറ്റബോധത്തോടെയാണ് ജീവിച്ചതെന്ന് പറഞ്ഞാണ് കുറ്റസമ്മതം നടത്തിയത്. ജൂൺ5നാണ് മുഹമ്മദലി വേങ്ങര പൊലീസ് സ്റ്റേഷനിലെത്തി കുറ്റസമ്മതം നടത്തിയത്. ‘1986 ൽ കൂടരഞ്ഞിയിലെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ യുവാവിനെ ഞാൻ കൊന്നതാണ്’ എന്നാണ് മുഹമ്മദലി പറഞ്ഞത്. മൂത്ത മകന്റെ മരണവും രണ്ടാമത്തെ മകന്റെ അപകടവും കഴിഞ്ഞപ്പോൾ കുറ്റബോധം കൊണ്ട് ഉറങ്ങാൻ പോലും പറ്റുന്നില്ലെന്നും 14ാം വയസ്സിൽ ഒരു കൊലപാതകം നടത്തിയിട്ടുണ്ടെന്നും പറഞ്ഞ മുഹമ്മദലി പൊലീസിനൊപ്പം കൂടരഞ്ഞിയിൽ എത്തി കൊല നടന്ന സ്ഥലവും കാണിച്ചുകൊടുത്തു. 1986 നവംബർ അവസാനമായിരുന്നു സംഭവം. കൂടരഞ്ഞിയിലെ ദേവസ്യ എന്ന ആളുടെ പറമ്പിൽ കൂലിപ്പണിക്കു നിൽക്കുകയായിരുന്നുവെന്നും 14 വയസ് മാത്രമുള്ള തന്നെ ഉപദ്രവിക്കാൻ ശ്രമിച്ചയാളെ അടുത്തുള്ള തോട്ടിലേക്കു ചവിട്ടി വീഴ്ത്തി എന്നുമായിരുന്നു മൊഴി. സ്ഥലത്തു നിന്ന് ഓടിപ്പോയ മുഹമ്മദലി 2 ദിവസം കഴിഞ്ഞശേഷമാണ് താൻ ചവിട്ടി തള്ളിയിട്ടയാള്‍ മരിച്ച വിവരം അറിയുന്നത്. അപസ്മാരം ഉണ്ടായിരുന്ന ആളുടേത് സ്വാഭാവിക മരണമാകുമെന്ന് നാട്ടുകാരുടെ നിഗമനം പൊലീസും ശരിവച്ചു. മരിച്ചയാളെ തിരിച്ചറിയാൻ ബന്ധുക്കളാരും എത്തിയുമില്ല. തുടർന്ന് അജ്ഞാത മൃതദേഹമായി സംസ്കരിച്ച് കേസിലെ നടപടികൾ അവസാനിപ്പിച്ചു. മുഹമ്മദലിയുടെ വെളിപ്പെടുത്തൽ സ്ഥിരീകരിച്ച പൊലീസ് കഴിഞ്ഞ ദിവസം ഇയാൾക്കെതിരെ കേസെടുത്ത് റിമാൻഡ് ചെയ്തു. 116/86 ആയി രജിസ്റ്റർ ചെയ്തിരുന്ന കേസ് ഫയൽ പൊടിതട്ടിയെടുത്ത പൊലീസിന് ഇനി കണ്ടെത്തേണ്ട ഏറ്റവും പ്രധാനപ്പെട്ട ഒന്ന്, കൊല്ലപ്പെട്ടത് ആരാണെന്നാണ്. ആർഡിഒ ഓഫിസിലെ പഴയ ഫയലുകൾ പരിശോധിച്ചും അന്നത്തെ പത്രവാർത്തകൾ നോക്കിയും മരിച്ചത് ആരായിരിക്കും എന്നു കണ്ടെത്താനുള്ള ശ്രമത്തിലാണ് തിരുവമ്പാടി സി ഐ കെ പ്രജീഷിന്റെ നേതൃത്വത്തിലുള്ള സംഘം. ഇരിട്ടി സ്വദേശിയാണെന്നും പാലക്കാട് സ്വദേശിയാണെന്നും പറയപ്പെടുന്നു.