ബിജെപി നേതാവ് വിവി രാജേഷ് തിരുവനന്തപുരം മേയർ സ്ഥാനാർത്ഥി. നീണ്ട ചർച്ചകൾക്ക് ശേഷമാണ് തീരുമാനം. ആര്‍ ശ്രീലേഖ മേയറാകും എന്നുള്ള തരത്തിലാണ് ചർച്ചകൾ നടന്നിരുന്നത്. എന്നാല്‍ ശ്രീലേഖ മേയർ ആവുന്നതിനെ ഒരു വിഭാഗം എതിർപ്പുയർത്തുകയായിരുന്നു. ശ്രീലേഖ ഡെപ്യൂട്ടി മേയറും ആകില്ല എന്നാണ് വിവരം. ആശാനാഥ് ഡെപ്യൂട്ടി മേയർ ആയേക്കും. ബിജെപി കേന്ദ്ര നേതൃത്വവും രാജീവ് ചന്ദ്രശേഖറും നടത്തിയ ചർച്ചയിലാണ് തീരുമാനം
തിരുവനന്തപുരം കോർപ്പറേഷനിൽ മേയർ സ്ഥാനാർത്ഥി തീരുമാനിക്കുന്നതിൽ ബിജെപിയിൽ ഭിന്നത രൂക്ഷമായിരുന്നു. വി വി രാജേഷിനായി നേതൃത്വത്തിൽ ഭൂരിപക്ഷ അഭിപ്രായം രൂപപ്പെട്ടു. ആർ ശ്രീലേഖയെ വീട്ടിലെത്തി ബിജെപി നേതാക്കൾ കാര്യങ്ങൾ ധരിപ്പിച്ചു. അല്പസമയത്തിനകം കൗൺസിലർമാരുടെ യോഗം സംസ്ഥാന കമ്മിറ്റി ഓഫീസിൽ നടക്കും. സമവായത്തിനായി നേതാക്കളുമായി രാജീവ് ചന്ദ്രശേഖർ വീണ്ടും കൂടിയാലോചന നടത്തി.
ബിജെപി ജില്ലാ അധ്യക്ഷനായിരുന്ന വി വി രാജേഷിന്റെയും ആർ ശ്രീലേഖയുടെയും പേരുകൾ ആയിരുന്നു കൂടുതൽ സാധ്യതയിൽ ഉണ്ടായിരുന്നത്. വി വി രാജേഷിനെ മേയർ ആക്കണമെന്നായിരുന്നു ആർ എസ് എസിന്റെയും അഭിപ്രായം. ഒപ്പം കരമന അജിത്, എം ആർ ഗോപൻ തുടങ്ങിയവരുടെ പേരുകൾ പരിഗണിക്കപ്പെട്ടെങ്കിലും ഇവരെയൊക്കെയും അവഗണിച്ച് ബിജെപിയിൽ പ്രവർത്തി പരിചയം പോലുമില്ലാത്ത ആർ ശ്രീലേഖയ്ക്കാണ് സംസ്ഥാന അധ്യക്ഷൻ ഉൾപ്പെടെയുള്ള ഒരു വിഭാഗം പിന്തുണ പ്രഖ്യാപിച്ചത്.
കഴിഞ്ഞദിവസം കൗൺസിലർമാരെ നേരിൽകണ്ടും സംസ്ഥാന അധ്യക്ഷൻ അഭിപ്രായം ആരാഞ്ഞിരുന്നു. കൂടുതൽപേരും ആർ ശ്രീലേഖക്കെതിരെ എതിർപ്പ് രേഖപ്പെടുത്തി. നിലവിൽ രാജീവ് ചന്ദ്രശേഖർ ഡൽഹിയിലാണ് കേന്ദ്ര നേതൃത്വത്തെ തീരുമാനം അറിയിക്കും.
നാല് പതിറ്റാണ്ടായി തുടരുന്ന ഇടതുകോട്ട തകർത്താണ് അൻപത് സീറ്റുമായി ബിജെപി തിരുവനന്തപുരം കോർപ്പറേഷൻ പിടിച്ചത്. സീറ്റ് ഇരട്ടിയാക്കി യുഡിഎഫ് വൻ മുന്നേറ്റമുണ്ടാക്കിയിരുന്നു. ത്രികോണപ്പോരിൽ തിരുവനന്തപുരം ബിജെപിക്കൊപ്പം നില്‍ക്കുകയായിരുന്നു. സംസ്ഥാന ചരിത്രത്തിലാദ്യമായാണ് ബിജെപിക്ക് ഒരു കോർപ്പറേഷൻ ഭരണം ലഭിക്കുന്നത്







