പുതുവർഷത്തില്‍ ബാങ്കിങ് – എടിഎം നിയമങ്ങളില്‍ സുപ്രധാനമായ ചില മാറ്റങ്ങളുണ്ട്. ഇപിഎഫ്‌ഒ 3.0 നവീകരണത്തോടെ പ്രൊവിഡന്‍റ് ഫണ്ട് എടിഎം വഴി എളുപ്പത്തില്‍ പിൻവലിക്കാം, പാൻ കാർഡ് ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ എന്തു സംഭവിക്കും, ഡിജിറ്റല്‍ പണമിടപാടിലെ തട്ടിപ്പ് ഇല്ലാതാക്കാൻ ആർബിഐയുടെ മാർഗനിർദേശങ്ങള്‍ എന്തെല്ലാം എന്നിവയെല്ലാം വിശദമായി അറിയാം.
ഇപിഎഫ്‌ഒ 3.0: എടിഎം, യുപിഐ വഴി പണം പിൻവലിക്കല്‍
2026 മാർച്ചോടെ നിലവില്‍ വരുന്ന ഇപിഎഫ്‌ഒ 3.0 നവീകരണത്തിലൂടെ പ്രൊവിഡന്‍റ് ഫണ്ട് പിൻവലിക്കല്‍ എളുപ്പമാകുമെന്നാണ് സാമ്ബത്തിക വിദഗ്ധരുടെ വിലയിരുത്തല്‍. അടുത്ത ബജറ്റില്‍ ഇതു സംബന്ധിച്ച പ്രഖ്യാപനമുണ്ടായേക്കും. അതോടെ ബാങ്ക് അക്കൗണ്ട് പോലെ തന്നെ പിഎഫ് അക്കൌണ്ടും എളുപ്പത്തില്‍ കൈകാര്യം ചെയ്യാൻ കഴിയും. പിഎഫ് ഉള്ളവർക്ക് പ്രത്യേക കാർഡുകള്‍ നല്‍കും. ഇതുവഴി പിഎഫ് ബാലൻസിന്റെ 75 ശതമാനം വരെ നേരിട്ട് എടിഎമ്മുകളില്‍ നിന്ന് പിൻവലിക്കാം. പിഎഫ് അക്കൗണ്ടുകള്‍ യുപിഐയുമായി ബന്ധിപ്പിക്കും. അതിനാല്‍ അപേക്ഷയോ തൊഴിലുടമയുടെ സാക്ഷ്യപ്പെടുത്തലോ ഇല്ലാതെ തന്നെ ബാങ്ക് അക്കൗണ്ടിലേക്ക് യുപിഐ വഴി നിമിഷങ്ങള്‍ക്കുള്ളില്‍ പണം മാറ്റാം. പിഎഫില്‍ നിന്ന് പണം പിൻവലിക്കാനുള്ള പ്രക്രിയ ഇതുവരെ സങ്കീർണത നിറഞ്ഞതായിരുന്നെങ്കില്‍ വൈകാതെ അത് എളുപ്പമാകും. പിഎഫില്‍ നിന്ന് പണം പിൻവലിക്കുന്ന പ്രക്രിയ ഉടൻ തന്നെ വളരെ എളുപ്പമാകുമെന്ന് കേന്ദ്ര തൊഴില്‍ മന്ത്രി മൻസുഖ് മാണ്ഡവ്യയാണ് അറിയിച്ചത്.
തൊഴില്‍ ഇല്ലാതായാല്‍ പിഎഫ് അക്കൌണ്ടിലെ 75 ശതമാനം വരെ ബാലൻസ് ഉടനടി പിൻവലിക്കാം. നേരത്തെ ഇതിന് ഒരു മാസം കാത്തിരിക്കണമായിരുന്നു. മുൻ നിയമ പ്രകാരം വിദ്യാഭ്യാസം, വിവാഹം പോലുള്ള ആവശ്യങ്ങള്‍ക്ക് ഇപിഎഫ് ബാലൻസിന്റെ 50 ശതമാനം വരെ പിൻവലിക്കാം. എന്നാല്‍ ഇതിന് 7 വർഷത്തെ സർവീസ് ആവശ്യമായിരുന്നു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്ക് മൊത്തം 3 തവണയും വിവാഹ ആവശ്യത്തിന് 2 തവണയുമായിരുന്നു പിൻവലിക്കല്‍ അവസരം ഉണ്ടായിരുന്നത്. എന്നാല്‍ പുതിയ നിയമ പ്രകാരം വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി പരമാവധി 10 തവണയും വിവാഹവുമായി ബന്ധപ്പെട്ട് 5 തവണയും പണം പിൻവലിക്കല്‍ സാധ്യമാണ്.
ആധാറുമായി ബന്ധിപ്പിച്ചില്ലേ? പാൻ കാർഡ് അസാധുവാകും
ആധാറുമായി ബന്ധിപ്പിക്കാത്ത പാൻ കാർഡുകള്‍ 2026 ജനുവരി 1 മുതല്‍ പ്രവർത്തന രഹിതമാകും. ഇതോടെ പുതിയ ബാങ്ക് അക്കൗണ്ടുകള്‍ തുടങ്ങുന്നതിനോ വലിയ തുകകള്‍ നിക്ഷേപിക്കുന്നതിനോ തടസ്സമുണ്ടാകും. പാൻ കാർഡ് അസാധുവായാല്‍ 1000 രൂപ പിഴയും അടയ്ക്കേണ്ടി വരും.
ഡിജിറ്റല്‍ ബാങ്കിംഗ് അടിച്ചേല്‍പ്പിക്കരുത്
ഡിജിറ്റല്‍ ബാങ്കിംഗ് സേവനങ്ങള്‍ നല്‍കുന്നതിന് ബാങ്കുകള്‍ ഉപഭോക്താവില്‍ നിന്ന് വ്യക്തമായ സമ്മതം വാങ്ങണമെന്നത് ആർബിഐ നിർബന്ധമാക്കിയിരിക്കുകയാണ്. അത് കൃത്യമായി രേഖപ്പെടുത്തുകയും വേണം. പുതിയ മാർഗ്ഗനിർദ്ദേശ പ്രകാരം ഡെബിറ്റ് കാർഡുകളും മറ്റും ലഭിക്കുന്നതിന് ഉപഭോക്താക്കള്‍ ഏതെങ്കിലും ഡിജിറ്റല്‍ ബാങ്കിംഗ് സർവീസ് തെരഞ്ഞെടുക്കണമെന്ന് ബാങ്കുകള്‍ക്ക് ഇനി നിർബന്ധമാക്കാൻ കഴിയില്ല. സൈബർ തട്ടിപ്പുകള്‍ തടയുന്നതിനായി ആർബിഐ 2026ല്‍ പുതിയ ഡിജിറ്റല്‍ ബാങ്കിംഗ് സെക്യൂരിറ്റി ഫ്രെയിംവർക്ക് അവതരിപ്പിക്കും. വലിയ തുകകളുടെ കൈമാറ്റം സംബന്ധിച്ച് കർശനമായ ബയോമെട്രിക്, ഡിജിറ്റല്‍ സിഗ്നേച്ചർ പരിശോധനകള്‍ ഉണ്ടാകും. അസാധാരണമായ പണ ഇടപാടുകള്‍ കണ്ടെത്താൻ പുതിയ നിരീക്ഷണ സംവിധാനം വരും. വലിയ തുകകളുടെ ഇടപാടുകള്‍ ടാക്സ് ഓഡിറ്റിന്റെ ഭാഗമായി പ്രത്യേകം നിരീക്ഷിക്കും.
ആർബിഐയുടെ പുതിയ ട്രാൻസാക്ഷൻ അക്കൗണ്ട് നിയമങ്ങള്‍
പുതിയ സാമ്ബത്തിക വർഷം മുതല്‍ കറന്റ് അക്കൗണ്ട്, ക്യാഷ് ക്രെഡിറ്റ് അക്കൗണ്ടുകള്‍ എന്നിവയ്ക്കായി ആർബിഐ പുതിയ ചട്ടങ്ങള്‍ നടപ്പിലാക്കും. 10 കോടി രൂപയില്‍ കൂടുതല്‍ ബാങ്ക് വായ്പയുള്ളവർക്ക് ഒന്നിലധികം കറന്റ് അക്കൗണ്ടുകള്‍ തുടങ്ങുന്നതിനുള്ള നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തും. കളക്ഷൻ അക്കൗണ്ടുകളില്‍ വരുന്ന പണം രണ്ട് പ്രവൃത്തി ദിവസത്തിനുള്ളില്‍ ട്രാൻസാക്ഷൻ അക്കൗണ്ടുകളിലേക്ക് മാറ്റണമെന്ന് ബാങ്കുകള്‍ക്ക് ആർബിഐ നിർദ്ദേശം നല്‍കിയിട്ടുണ്ട്.
എടിഎം ഫീസും ഇടപാട് പരിധികളും
2025 മെയ് മാസത്തില്‍ പ്രാബല്യത്തില്‍ വന്ന എടിഎം ഫീ വർദ്ധനവ് 2026-ലും ബാധകമാകും. സൗജന്യ പ്രതിമാസ പരിധി കഴിഞ്ഞാല്‍, ഒരു ഇടപാടിന് 23 രൂപ ഈടാക്കും. ബാങ്കുകള്‍ തമ്മില്‍ നല്‍കുന്ന ഇന്‍റർചേഞ്ച് ഫീസ്, ഫിനാൻഷ്യല്‍ ഇടപാടുകള്‍ക്ക് 19 രൂപ ആയും നോണ്‍-ഫിനാൻഷ്യല്‍ ഇടപാടുകള്‍ക്ക് 7 രൂപ ആയും വർദ്ധിപ്പിച്ചു. ഇതാണ് ഉപഭോക്താക്കളുടെ നിരക്ക് കൂടാൻ കാരണം. അക്കൌണ്ടുള്ള ബാങ്കിന്‍റെ എടിഎമ്മുകളില്‍ നിന്ന് പ്രതിമാസം 5 സൗജന്യ ഇടപാടുകളും മറ്റ് ബാങ്കുകളില്‍ നിന്ന് 3 (മെട്രോ നഗരങ്ങളില്‍) മുതല്‍ 5 വരെ ഇടപാടുകളും എന്ന നിലവിലെ നിയമത്തില്‍ മാറ്റമില്ല.
ബാങ്കുകളുടെ ലയനം
12 പൊതുമേഖലാ ബാങ്കുകളെ ലയിപ്പിക്കാൻ സർക്കാർ പദ്ധതിയിടുന്നതായി നേരത്തെ റിപ്പോർട്ടുകള്‍ വന്നിരുന്നു. ഇതോടെ രാജ്യത്തെ പൊതുമേഖലാ ബാങ്കുകളുടെ എണ്ണം മൂന്നോ നാലാ ആയി കുറയും. ആഗോള തലത്തില്‍ മത്സരിക്കാൻ കഴിയും വിധത്തില്‍ ഇന്ത്യയിലെ ബാങ്കിങ് മേഖല ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം എന്നായിരുന്നു റിപ്പോർട്ട്, എന്നാല്‍ പൊതുമേഖലാ ബാങ്കുകളുടെ പുനഃസംഘടനയോ ലയനമോ സംബന്ധിച്ച് നിലവില്‍ ചർച്ചകളൊന്നും ഇല്ലെന്ന് കേന്ദ്ര സർക്കാർ പാർലമെന്‍റില്‍ അറിയിച്ചു. ലോക്സഭയില്‍ രേഖാമൂലം നല്‍കിയ മറുപടിയില്‍ ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.







