കുറ്റിപ്പുറം: ആറുവരിപ്പാത നിര്‍മാണത്തിന്റെ ഭാഗമായി കുറ്റിപ്പുറത്തു നിര്‍മിച്ച പുതിയ റെയില്‍വേ മേല്‍പ്പാലത്തിന്റെ കോമ്പോസിറ്റ് ഗര്‍ഡര്‍ സ്ഥാപിക്കല്‍ നടപടികള്‍ വ്യാഴാഴ്ച അര്‍ധരാത്രിയോടെ തുടങ്ങിയെങ്കിലും വൈകാതെ നിര്‍ത്തി.രാത്രി 10 മുതല്‍ 11.30 വരെയും 11.30 മുതല്‍ വെള്ളിയാഴ്ച പുലര്‍ച്ചെ 2.15-വരെയുമായി രണ്ട് ഭാഗങ്ങളായി മൂന്നു മണിക്കൂര്‍ 45 മിനിറ്റാണ് ഗര്‍ഡര്‍ സ്ഥാപിക്കാന്‍ റെയില്‍വേ കരാര്‍ കമ്പനിയായ കെഎന്‍ ആര്‍എല്‍സിക്ക് അനുവദിച്ചിരുന്നത്.നിശ്ചിതസമയത്തുതന്നെ ഗര്‍ഡര്‍ സ്ഥാപിക്കുന്ന പണിതുടങ്ങി. ഹൈഡ്രോളിക് ജാക്കികള്‍ ഉപയോഗിച്ച് വലിക്കുന്നതിനിടയില്‍ സപ്പോര്‍ട്ടിങ് പ്‌ളേറ്റുകള്‍ക്ക് തകരാറുണ്ടായതിനാല്‍ ജോലികള്‍ തടസ്സപ്പെട്ടു. വെള്ളിയാഴ്ച പുലര്‍ച്ചെ 12 വരെ 10 മീറ്ററോളം മാത്രമാണ് ഗര്‍ഡര്‍ മുന്നോട്ട് നീങ്ങിയത്. അതോടെ തത്കാലം ശ്രമം അവസാനിപ്പിച്ചു. റെയില്‍വേ പാലക്കാട് ഡിവിഷനിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരും കരാര്‍ കമ്പനിയുടെ പ്രധാന ഉദ്യോഗസ്ഥരും സ്ഥലത്ത് ക്യാമ്പ് ചെയ്തു.
ഗര്‍ഡര്‍ ഇങ്ങനെ
റെയില്‍വേ മേല്‍പ്പാലത്തിന്റെ റെയില്‍പ്പാതയ്ക്ക് മുകളിലൂടെ കടന്നുപോകുന്ന ഭാഗത്ത് സ്ഥാപിക്കുന്ന ‘റ’ ആകൃതിയിലുള്ളതാണ് കോമ്പോസിറ്റ് ഗര്‍ഡര്‍. കോമ്പോസിറ്റ് ഗര്‍ഡറിന് 63.7 മീറ്റര്‍ നീളവും 16 മീറ്റര്‍ വീതിയുമാണ് ഉള്ളത്. നിലവിലെ റെയില്‍പ്പാതയ്ക്കു മുകളില്‍ ഏഴു മീറ്റര്‍ ഉയരത്തിലാണ് ഗര്‍ഡര്‍ സ്ഥാപിക്കുക. കോമ്പോസിറ്റ് ഗര്‍ഡര്‍ റെയില്‍വേയുടെ കീഴിലുള്ള ലക്‌നൗവിലെ റിസര്‍ച്ച് ഡിസൈന്‍ ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്‌സ് ഓര്‍ഗനൈസേഷന്‍ (ആര്‍ഡിഎസ്ഒ) വിഭാഗവും റെയില്‍വേയുടെ ചെന്നൈ ആര്‍ക്കോണത്തുള്ള സുരക്ഷാ വിഭാഗവും പരിശോധന നടത്തിയതിനു ശേഷം അവസാനവട്ട പരിശോധന മൂന്നാഴ്ചമുന്‍പ് ആണ് നടന്നത്.ഗര്‍ഡര്‍ സ്ഥാപിച്ചു കഴിഞ്ഞശേഷമേ മുകള്‍ഭാഗത്ത് കോണ്‍ക്രീറ്റ് ചെയ്യൂ. സ്റ്റീലും കോണ്‍ക്രീറ്റും സമ്മിശ്രമായി ഉപയോഗിച്ചാണ് കോമ്പോസിറ്റ് ഗര്‍ഡര്‍ നിര്‍മിച്ചിരിക്കുന്നത്.കോമ്പോസിറ്റ് ഗര്‍ഡറിന്റെ വാഹനങ്ങള്‍ സഞ്ചരിക്കുന്ന ഭാഗമാണ് കോണ്‍ക്രീറ്റില്‍ നിര്‍മിച്ചിരിക്കുന്നത്. ബാക്കി ഭാഗങ്ങളെല്ലാം സ്റ്റീലില്‍ ആണ് നിര്‍മിച്ചിരിക്കുന്നത്. കോമ്പോസിറ്റ് ഗര്‍ഡര്‍ സ്ഥാപിച്ച ഭാഗത്തുമാത്രം മൂന്നുവരിപ്പാതയാണുള്ളത്.ഈ സമയങ്ങളില്‍ ഇതുവഴി കടന്നു പോകുന്നത് 16630 മാവേലി എക്‌സ് പ്രസ്, 22637 വെസ്റ്റ് കോസ്റ്റ് എക്‌സ്പ്രസ്, 19259 തിരുവനന്തപുരം നോര്‍ത്ത്- ഭാവ്‌നഗര്‍ എക്‌സ്പ്രസ് എന്നീ തീവണ്ടികളായിരുന്നു. മാവേലി എക്‌സ് പ്രസ് 125 മിനുട്ടും വെസ്റ്റ് കോസ്റ്റ് എക്‌സ്പ്രസ് 105 മിനുട്ടും യാത്രക്കിടയില്‍ പിടിച്ചിട്ടിരുന്നു.തിരുവനന്തപുരം നോര്‍ത്ത്- ഭാവ്‌നഗര്‍ എക്‌സ്പ്രസിന് കുറ്റിപ്പുറത്ത് സ്റ്റോപ്പില്ല.സമീപത്തെ റോഡില്‍ വാഹന ഗതാഗതത്തിനും നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. രാത്രി 10 മുതല്‍ വളാഞ്ചേരി ഭാഗത്തു നിന്നും വരുന്ന വാഹനങ്ങള്‍ പോലീസ് ഇടവേളകളിട്ടാണ് നിലവിലെ റെയില്‍വേ മേല്‍പ്പാലം വഴി കടത്തി വിട്ടിരുന്നത്.മിനി പമ്പ വഴി വരുന്ന വാഹനങ്ങളെല്ലാം ഹൈവേ ജങ്ഷന്‍ വഴി തിരൂര്‍ റോഡിലൂടേയാണ് കടത്തി വിട്ടത്.