മുംബയ്: രണ്ട് എൻജിനുകളുടെയും പ്രവർത്തനം നിലച്ചതാണ് അഹമ്മദാബാദ് വിമാനദുരന്തത്തിന് കാരണമായതെന്ന് സൂചന. എൻജിനുകൾ തകരാറിലായതാണ് അപകടത്തിന് ഇടയാക്കിയതെന്ന് എയർ ഇന്ത്യ നടത്തിയ ഫ്ലൈറ്റ് സിമുലേറ്റർ പഠനത്തിൽ കണ്ടെത്തിയെന്നാണ് ഒരു ദേശീയമാദ്ധ്യമം റിപ്പോർട്ട് ചെയ്തത്. എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ നടത്തുന്ന ഔദ്യോഗിക അന്വേഷണത്തിന് പുറമേയാണ് ഫ്ലൈറ്റ് സിമുലേറ്റർ പരീക്ഷണം നടത്തിയത്. ഫ്ലൈറ്റ് സിമുലേറ്ററിൽ എയർ ഇന്ത്യ പൈലറ്റുമാരെ ഉപയോഗിച്ച് ലാൻഡിംഗ് ഗിയർ, ചിറകുകളുടെ ഫ്ലാപ്പുകൾ എന്നിവയുടെ പ്രവർത്തനം പുനരാവിഷ്കരിച്ചായിരുന്നു പരീക്ഷണം. സാദ്ധ്യമായ എല്ലാ സാഹചര്യങ്ങളും പരിശോധിക്കാനാണ് ഇത്തരം പരീക്ഷണങ്ങളെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം. രണ്ട് എൻജിനുകളും ഒരേസമയം പ്രവർത്തന രഹിതമായി എന്ന് പഠനത്തിൽ കണ്ടെങ്കിലും ഇത് എന്തുകൊണ്ടാണെന്ന കാര്യത്തിൽ വ്യക്തതയില്ല. ഒരു എൻജിൻ മാത്രം പ്രവർത്തിച്ചാലും ബോയിംഗ് 787 ഡ്രീംലൈനർ വിമാനം ടേക്ക് ഒഫ് ചെയ്യാൻ കഴിയുമായിരുന്നു എന്നാണ് വിദഗ്ദ്ധർ പറയുന്നത്. അതേസമയം, അപകടകാരണം കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണ്. ബ്ലാക്ക് ബോക്സുകളിൽ നിന്ന് നിർണായക വിവരങ്ങൾ ലഭിച്ചേക്കുമെന്നാണ് കരുതുന്നത്. ലഭിച്ച ഡാറ്റകൾ വിശകലനം നടത്തിവരികയാണ്. അപകടത്തിനുപിന്നിൽ അട്ടിമറി ഉണ്ടോ എന്ന സംശയവും ചിലർ ഉന്നയിച്ചിരുന്നു. ഇന്ത്യ കണ്ട ഏറ്റവും വലിയ വിമാനദുരന്തങ്ങളിലൊന്നാണ് അഹമ്മദാബാദിൽ ഉണ്ടായത്. 294 വിലപ്പെട്ട ജീവനുകളാണ് നഷ്ടമായത്. ഇതിൽ വിമാനയാത്രികരും മെഡിക്കൽ വിദ്യാർത്ഥികളും നാട്ടുകാരും ഉൾപ്പെടുന്നു. പത്തനംതിട്ട സ്വദേശിനിയായ രഞ്ജിതയും അപകടത്തിൽ മരിച്ചിരുന്നു.