പെരുമണ്ണ: പയ്യടിമീത്തലില്‍ വീട്ടമ്മയെ കൊലപ്പെടുത്തി ആഭരണങ്ങളും മൊബൈല്‍ഫോണും കവര്‍ന്ന സംഭവത്തില്‍ മരുമകന്‍ അറസ്റ്റില്‍. ചെന്നൈ ആരക്കോണം സ്വദേശി മെഹമൂദ് എന്ന മമ്മദി(39)നെയാണ് പാലക്കാട് ഒലവക്കോട് റെയില്‍വേ സ്റ്റേഷനില്‍വെച്ച് ചെന്നൈ സൂപ്പര്‍ഫാസ്റ്റ് ട്രെയിനില്‍നിന്ന് ബുധനാഴ്ച രാത്രിയോടെ പിടികൂടിയത്. സ്വര്‍ണാഭരണങ്ങളും മൊബൈല്‍ഫോണും ഇയാളില്‍നിന്നു കണ്ടെത്തി.പയ്യടിമീത്തല്‍ ജി.എല്‍.പി. സ്‌കൂളിനു സമീപമുള്ള ഫ്ളാറ്റില്‍ താമസിക്കുന്ന ആദിയോടത്ത് പറമ്പ് അസ്മാബിയെയാണ് കിടപ്പുമുറിയില്‍ മരിച്ചനിലയില്‍ ബുധനാഴ്ച രാത്രി എട്ടരയോടെ കണ്ടെത്തുന്നത്. ജോലികഴിഞ്ഞെത്തിയ മകള്‍ സിനോബിയാണ് കട്ടിലില്‍ മരിച്ചനിലയില്‍ മൃതദേഹം കാണുന്നത്. അസ്മാബിയുടെ ശരീരത്തിലെ ആഭരണങ്ങള്‍ നഷ്ടപ്പെട്ടതും ഭര്‍ത്താവ് മെഹമൂദിനെ കാണാനില്ലാത്തതും സംശയത്തിനിടയാക്കുകയായിരുന്നു. തുടര്‍ന്ന് അതിവേഗം പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്താനായത്. ബുധനാഴ്ച വൈകീട്ട് ആറുമണിയോടെ കൃത്യംനടത്തിയ മെഹമൂദ് രാത്രി എട്ടുമണിയോടെ കോഴിക്കോട് റെയില്‍വേ സ്റ്റേഷനുസമീപത്തുണ്ടായിരുന്നെന്ന് പോലീസിന് വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് റെയില്‍വേ പോലീസിന്റെ സഹായത്തോടെ നടത്തിയ തിരച്ചിലിലാണ് ചെന്നൈ സൂപ്പര്‍ ഫാസ്റ്റ് ട്രെയിനില്‍നിന്ന് ഒലവക്കോടുവെച്ച് മെഹമൂദിനെ പിടികൂടുന്നത്.ജോലിക്കൊന്നുംപോകാതെ വീട്ടിലിരുന്ന് സ്ഥിരമായി മദ്യപിക്കുന്നത് അസ്മാബി ചോദ്യംചെയ്യുന്നതിലുള്ള വിരോധവും തുടര്‍ന്നുള്ള വഴക്കുമാണ് കൊലപാതകത്തിലേക്കെത്തിയതെന്ന് പോലീസ് പറയുന്നു. പത്തരഗ്രാം തൂക്കത്തിലുള്ള സ്വര്‍ണമാലയും അഞ്ച് ഗ്രാം തൂക്കത്തിലുള്ള സ്റ്റഡും കമ്മലും അസ്മാബിയുടെ മൊബൈലുമാണ് കവര്‍ന്നത്.ഭാര്യയുമായുള്ള കുടുംബജീവിതം അവസാനിപ്പിച്ച് മറ്റൊരു വിവാഹംകഴിച്ച് മാറിത്താമസിക്കാനായിരുന്നു മെഹമൂദ് ലക്ഷ്യമിട്ടിരുന്നതെന്ന് പോലീസ് പറഞ്ഞു. സിനോബിയോടും ഭാര്യാമാതാവായ അസ്മാബിയോടുമൊത്ത് കഴിഞ്ഞ നാലുവര്‍ഷമായി പയ്യടിമീത്തലിലെ സ്വകാര്യഫ്ളാറ്റില്‍ താമസിക്കുന്ന മെഹമൂദ് ഒന്‍പതുവര്‍ഷംമുന്‍പാണ് കോഴിക്കോട്ടെത്തിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.