സർക്കാരിന്റെ വികസന നേട്ടങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാൻ റീൽസ് തുടരുമെന്നും അത് അവസാനിപ്പിക്കില്ലെന്നും മന്ത്രി പി.എ. മുഹമ്മദ് റിയാസ്. രാഷ്ട്രീയ ലാഭത്തിലായി ബിജെപിയും യുഡിഎഫും ശ്രമിച്ചു കൊണ്ടേയിരിക്കുകയാണ്. ദേശീയപാതയ്ക്കായി 5560 കോടി രൂപ സംസ്ഥാനം ചെലവിട്ടു. കേരളത്തിന്റെ റോൾ ജനങ്ങൾ മനസ്സിലാക്കിയിട്ടുണ്ട്. ദേശീയപാത വികസനത്തിൽ കേരളത്തിന്റെ റോൾ പറഞ്ഞുകൊണ്ടേയിരിക്കുമെന്നും മന്ത്രി ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്ത വിഡിയോയിൽ പറയുന്നു. സമൂഹമാധ്യമങ്ങൾ ഉപയോഗിക്കണമെന്നത് തീരുമാനമാണ്. എത്ര വിമർശനങ്ങളുണ്ടായാലും അത് തുടരും.
ദേശീയപാത പ്രവർത്തിയുടെ ഉത്തരവാദിത്തം ദേശീയപാത അതോറിറ്റിക്കാണ്. പ്രവർത്തിയുടെ ഗുണനിലവാരം പരിശോധിക്കേണ്ടത് ദേശീയപാത അതോറിറ്റിയാണ്. സംസ്ഥാനം 1190 ഹെക്ടർ ഭൂമി ഏറ്റെടുത്ത് നൽകി. കേന്ദ്രത്തിന്റെ ഔദര്യം അല്ല, സംസ്ഥാനത്തിന്റ നികുതി പണം കൂടിയാണ് റോഡിനു വേണ്ടി ചെലവഴിച്ചതെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന സർക്കാരിനു കാൽ അണ മുതൽ മുടക്കില്ലെന്ന നിലയിൽ പ്രചാരണം നടക്കുന്നു. ഇത് തെറ്റാണെന്നും മുഹമ്മദ് റിയാസ് പറഞ്ഞു. മന്ത്രിയുടെ റീൽസിനു നേരെ ഇന്നലെ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ അടക്കമുള്ള നേതാക്കൾ വിമർശനം ഉന്നയിച്ചിരുന്നു









