അബുദാബി: താമസക്കാരുടെ എണ്ണം നിയന്ത്രിക്കുന്നതിനായി “നിങ്ങളുടെ വീട്, നിങ്ങളുടെ ഉത്തരവാദിത്തം” എന്ന പേരിൽ ക്യാമ്പയിൽ നടത്തി അബുദാബിയിലെ മുനിസിപ്പാലിറ്റികളും ഗതാഗത വകുപ്പും. തിരക്ക് നിയന്ത്രിക്കുക, ജീവിത നിലവാരം ഉയർത്തുക, സുരക്ഷിതമായ ജീവിതാന്തരീക്ഷം സൃഷ്‌ടിക്കുക തുടങ്ങിയ ലക്ഷ്യത്തോടെയാണ് ഈ ക്യാമ്പയിൻ നടത്തുന്നത്. ഇതിന്റെ ഭാഗമായി ജനങ്ങൾ തിങ്ങിപ്പാർക്കുന്ന വീടുകൾ ലക്ഷ്യമിട്ട് പരിശോധനാ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. താമസക്കാരുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനും സാമൂഹിക ഐക്യം പ്രോത്സാഹിപ്പിക്കുന്നതിനും ഈ ക്യാമ്പയിനിലൂടെ ലക്ഷ്യമിടുന്നുണ്ട്. പിഴ ചുമത്തുക എന്നല്ല, അവബോധം വളർത്തുകയാണ് ഇതിന്റെ ലക്ഷ്യമെന്നും മുനിസിപ്പൽ സംഘങ്ങൾ വ്യക്തമാക്കി. നിയമം ലംഘിക്കുന്നത് തുടർന്നാൽ, പിഴ ഈടാക്കുമെന്നും അധികൃതർ വ്യക്തമാക്കി. നിയമം ലംഘിക്കുന്നവർക്ക് 5,000 ദിർഹം ( 1,17,072.80 രൂപ ) മുതൽ ഒരു ദശലക്ഷം ദിർഹം ( 2,34,14,560 രൂപ) വരെയാണ് പിഴ ചുമത്തുകയെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.
താമസസ്ഥലത്തിന്റെ ശേഷിയിൽ കൂടുതൽ ആളുകളെ പാർപ്പിക്കുന്ന സ്ഥലവും അതിന്റെ ബുദ്ധിമുട്ടുകളും ചൂണ്ടിക്കാട്ടുന്ന ഒരു ബോധവൽക്കരണ വീഡിയോയും അധികൃതർ പുറത്തുവിട്ടിട്ടുണ്ട്. സുരക്ഷയും പൊതു മര്യാദയും ലംഘിക്കുക, യുഎഇയിലെ പൊതു ധാർമ്മികതയുടെ തത്വങ്ങൾക്ക് വിരുദ്ധവുമായി പ്രവർത്തിക്കുക, അമിത തിരക്കുമായി ബന്ധപ്പെട്ടുണ്ടാകുന്ന പ്രത്യാഘാതങ്ങൾ ഒഴിവാക്കുക എന്നതെല്ലാം ഈ ക്യാമ്പയിനിലൂടെ സാദ്ധ്യമാകുമെന്നും അധികൃതർ വ്യക്തമാക്കി.
നിയമലംഘനം ഉണ്ടാകാതിരിക്കാൻ താമസക്കാരും ശ്രദ്ധിക്കണമെന്ന് അധികൃതർ നിർദേശിച്ചു. തൗതീഖ് സിസ്റ്റത്തിൽ ലിസ്റ്റ് ചെയ്‌തിരിക്കുന്ന ഔദ്യോഗികമായി രജിസ്റ്റർ ചെയ്ത പ്രോപ്പർട്ടികളിൽ മാത്രം വാടകയ്ക്ക് എടുക്കുക. എല്ലാ വാഹനങ്ങളും മവാഖിഫ് സിസ്റ്റത്തിന് കീഴിൽ നിയുക്ത പാർക്കിംഗ് ഏരിയകളിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കുക എന്നും അധികൃതർ നിർദേശം നൽകി.