ആലപ്പുഴ: ഓൺലൈൻ ഓഹരി വ്യാപാരത്തിന്റെ പേരിൽ ഐ.ടി പ്രൊഫഷണലിൽ നിന്നും പണം തട്ടിയ സംഘത്തിലെ രണ്ടുപേർകൂടി അറസ്റ്റില്‍. കോഴിക്കോട് തിരുവമ്പാടി സ്രാമ്പിക്കൽ വീട്ടിൽ മുഹമ്മദ് ലുക്മാൻ (22), മലപ്പുറം തിരൂരങ്ങാടി എ ആര്‍ നഗറിൽ തെരുവത്ത് വീട്ടിൽ വിഷ്ണുജിത്ത് ( 28) എന്നിവരെയാണ് ആലപ്പുഴ ജില്ലാ സൈബർ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തത്. കായംകുളം പത്തിയൂർ സ്വദേശിയാണ് കേസിൽ പരാതിയുമായി പൊലീസിനെ സമീപിച്ചത്. ഇയാളിൽ നിന്ന് വാങ്ങിയ പണം എടിഎം മുഖേന പിൻവലിച്ചാണ് പ്രതികൾ തട്ടിപ്പു നടത്തിയത്. ഈ കേസിൽ മലപ്പുറം സ്വദേശികളായ അബ്ദുൾ സലാം, അബ്ദുൾ ജലീൽ എന്നിവരെ നേരത്തെ പിടിയിലായിരുന്നു. ഒരു സ്വകാര്യ സ്‌ഥാപനത്തിന്റെ പ്രതിനിധിയായി ആൾമാറാട്ടം നടത്തിയാണ് പ്രതികൾ ടെലിഗ്രാം, വാട്‌സാപ്പ് എന്നിവ വഴി ആളുകളുമായി ബന്ധപ്പെട്ടതും തട്ടിപ്പ് നടത്തിയതും. പരാതിക്കാരനെ കഴിഞ്ഞ ഡിസംബർ മാസം മുതൽ ശ്രീനിധി എന്ന പേരിലുള്ള ടെലിഗ്രാം അക്കൗണ്ടിൽ നിന്ന് ബന്ധപ്പെട്ടിരുന്നു. ഓഹരി വ്യാപാരം നടത്തി ലാഭമുണ്ടാക്കാമെന്ന് വിശ്വസിപ്പിച്ച ശേഷം ഒരു വ്യാജ വെബ്സൈറ്റിന്റെ ലിങ്ക് അയച്ചുകൊടുത്തു. ഇത്ൽ അക്കൗണ്ട് ക്രിയേറ്റ് ചെയ്യിപ്പിക്കുകയും ശേഷം ട്രേഡിങ്ങ് നിക്ഷേപം എന്ന പേരിൽ വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം അയച്ചുവാങ്ങുകയുമായിരുന്നു.