യുദ്ധത്തിനു പകരം സമാധാനത്തിന്റെ സന്ദേശം ലോകമെങ്ങും എത്തട്ടെയെന്ന് ലിയോ പതിനാലാമൻ മാർപാപ്പ. യുദ്ധം ഇനി ഒരിക്കലും സംഭവിക്കാതിരിക്കട്ടെയെന്നും ലോകത്തിന്റെ പലഭാഗങ്ങളിലുമുള്ള സംഘർഷങ്ങൾക്ക് അയവുവരട്ടെയെന്നും മാർപാപ്പ പറഞ്ഞു. മാർപാപ്പയായി തിരഞ്ഞെടുക്കപ്പെട്ടശേഷമുള്ള ആദ്യ ഞായറാഴ്ച പ്രാർഥനയ്ക്കുശേഷം വിശ്വാസികളെ അഭിസംബോധന ചെയ്യുകയിരുന്നു അദ്ദേഹം
ഇന്ത്യ–പാക്ക് വെടിനിർത്തൽ സ്വാഗതം ചെയ്ത പാപ്പ, യുക്രെയ്നിലും ഗാസയിലും സമാധാനം പുലരട്ടെയെന്നും ആശംസിച്ചു. രണ്ടാം ലോകമഹായുദ്ധത്തിന്റെ ഭീകര നാശനഷ്ടങ്ങൾ അദ്ദേഹം പ്രസംഗത്തിൽ ഓർമിപ്പിച്ചു. യുദ്ധത്തിന്റെ നാശനഷ്ടങ്ങൾ അനുഭവിക്കുന്ന യുക്രെയ്ൻ ജനതയെ ഹൃദയത്തോട് ചേർത്തു നിർത്തുന്നതായും ഗാസയിലെ യുദ്ധം ഉടൻ അവസാനിക്കട്ടെയെന്നും ബന്ദികളുടെ മോചനം സാധ്യമാകട്ടെയെന്നും അദ്ദേഹം പ്രസംഗത്തിൽ പറഞ്ഞു
ഈ മാസം 8ന് നടന്ന കർദിനാൾമാരുടെ കോൺക്ലേവിന്റെ നാലാംവട്ട വോട്ടെടുപ്പിലാണ് 267–ാം മാർപാപ്പയായി കർദിനാൾ റോബർട്ട് ഫ്രാൻസിസ് പ്രെവോസ്തിനെ (69) തിരഞ്ഞെടുത്തത്. യുഎസിൽനിന്നുള്ള ആദ്യ മാർപാപ്പയാണ്. ലിയോ പതിനാലാമൻ എന്ന പേരാണ് അദ്ദേഹം സ്വീകരിച്ചത്