തിരുവനന്തപുരം:പത്മനാഭസ്വാമി ക്ഷേത്രത്തിൽനിന്ന് കാണാതായ സ്വർണം തിരിച്ചുകിട്ടി. ക്ഷേത്ര വളപ്പിലെ മണൽപരപ്പിൽനിന്നാണ് സ്വർണം കിട്ടിയത്. ക്ഷേത്ര ശ്രീകോവിലിനു മുന്നിലെ വാതിൽ സ്വർണം പൂശാൻ പുറത്തെടുത്തതിൽ 13 പവനിലധികം (107 ഗ്രാം) സ്വർണമാണ് കാണാതായത്. സ്ട്രോങ് റൂമിൽ സൂക്ഷിച്ചിരുന്ന സ്വർണ ദണ്ഡുകളിൽ ഒന്നാണു കാണാതെപോയത്. സ്ട്രോങ് റൂമിൽ സൂക്ഷിച്ച സ്വർണം എങ്ങനെ മണലിലെത്തി എന്നതിനെ സംബന്ധിച്ച് അന്വേഷണം ആരംഭിച്ചു
ശ്രീപത്മനാഭസ്വാമിയുടെ വിഗ്രഹ പ്രതിഷ്ഠ നടത്തിയിട്ടുള്ള ശ്രീകോവിലിന്റെ പ്രധാന വാതിൽ സ്വർണം പൂശുന്നത് ഏതാനും മാസങ്ങളായി തുടരുകയാണ്. ഇതിനായി സ്ട്രോങ് റൂമിൽ സൂക്ഷിച്ചിട്ടുള്ള സ്വർണം പുറത്തെടുക്കുകയും ഓരോ ദിവസത്തെയും പണികൾ കഴിഞ്ഞശേഷം തിരികെ സ്ട്രോങ് റൂമിൽ സൂക്ഷിക്കുകയുമാണു ചെയ്യുന്നത്. സുരക്ഷാ ചുമതലയുള്ള പൊലീസിന്റെയും ക്ഷേത്രത്തിലെ ചുമതലപ്പെട്ട ഉദ്യോഗസ്ഥന്റെയും സാന്നിധ്യത്തിലാണ് സ്വർണം എടുക്കുകയും തിരികെ വയ്ക്കുകയും ചെയ്യുന്നത്
ബുധനാഴ്ചയാണ് അവസാനമായി സ്വർണം പൂശൽ നടത്തിയത്. ഇതിനുശേഷം തിരികെവച്ച സ്വർണം ഇന്നലെ രാവിലെ പുറത്തെടുത്തപ്പോഴാണ് അളവിൽ കുറവുള്ള വിവരം ശ്രദ്ധയിൽപെട്ടത്. ശ്രീകോവിലിനു മുന്നിലെ ഒറ്റക്കൽ മണ്ഡപത്തിൽവച്ചാണ് സ്വർണം പൂശൽ നടത്തുന്നത്. ഇവിടെ വെളിച്ചം കുറവായതിനാൽ തറയിൽ വീണതാകാം എന്ന കണക്കുകൂട്ടലിൽ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.