കാണ്ഡഹാർ വിമാന റാഞ്ചലിന്റെ മുഖ്യ സൂത്രധാരനും ജെയ്‌ഷെ മുഹമ്മദ് സുപ്രീം കമാൻഡറുമായ കൊടും കുറ്റവാളി അബ്ദുൾ റൗഫ് അസർ ഓപ്പറേഷൻ സിന്ദൂരിൽ കൊല്ലപ്പെട്ടു. ബഹവൽപൂരിലെ ജെയ്‌ഷെ മുഹമ്മദിന്റെ ലോഞ്ച് പാഡുകളും ആസ്ഥാനവും ലക്ഷ്യമിട്ട് ഇന്ത്യ നടത്തിയ ആക്രമണത്തിൽ ആണ് വധിച്ചത്. ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ അബ്ദുൾ റൗഫ് അസർ ചികിത്സയിൽ തുടരുന്നതിനിടെയാണ് മരിക്കുന്നത്. ജെയ്‌ഷെ മുഹമ്മദ്, ലഷ്കർ-ഇ-തൊയ്ബ എന്നിവയിലെ സുപ്രീം കമാൻഡറും ജെയ്‌ഷെ മുഹമ്മദ് (ജെഎം) തലവൻ മസൂദ് അസ്ഹറിന്റെ ഇളയ സഹോദരനുമാണ് റൗഫ്. മസൂദ് അസറിന്‍റെ കുടുംബത്തിലെ പത്തു പേരും അടുപ്പമുള്ള നാലു പേരും കൊല്ലപ്പെട്ടതായുള്ള വിവരം ഇന്നലെ പുറത്തുവന്നിരുന്നു. ഈ കൊല്ലപ്പെട്ടവരിൽ അബ്ദുൾ റൗഫ് അസറുമുണ്ടെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഇന്ത്യയിൽ നടന്ന ഭീകരാക്രമണങ്ങളുടെ ആസൂത്രകനായിരുന്നു അബ്ദുൾ റൗഫ് അസർ. വർഷങ്ങളായി ബഹാവൽപൂരിലെ ജെയ്‌ഷെ മുഹമ്മദ് ആസ്ഥാനത്ത് നിന്നുകൊണ്ടായിരുന്നു ഇയാൾ ഭീകരവാദ പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കികൊണ്ടിരുന്നത്.1999 ഡിസംബറിൽ വാജ്‌പേയി സർക്കാരിന്റെ കാലത്ത് ഇന്ത്യൻ എയർ ലൈൻസിന്റെ ഐസി-814 എന്ന വിമാനം റാഞ്ചിക്കൊണ്ടുപോയി സഹോദരനായ മൗലാന മസൂദ് അസറിനെയടക്കം മോചിപ്പിച്ചതിന് നേതൃത്വം നൽകിയിട്ടുള്ളയാളാണ് കൊല്ലപ്പെട്ട കൊടും ഭീകരൻ അബ്ദുൾ റൗഫ് അസർ. നേപ്പാൾ കഠ്മണ്ഡുവിൽ നിന്ന് ഡൽഹിയിലേക്കുള്ള ഇന്ത്യൻ എയർലൈൻസ് വിമാനം അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാറിലേക്ക് റാഞ്ചിക്കൊണ്ടുപോകുകയും യാത്രക്കാരെ സുരക്ഷിതമായി എത്തിക്കണമെങ്കിൽ തടവിലായ മൂന്ന് കൊടുംഭീകരരെ വിട്ടയക്കണം എന്നായിരുന്നു ആവശ്യം. അന്ന് 24 വയസ്സ് മാത്രമായിരുന്നു കൊല്ലപ്പെട്ട അബ്ദുൾ റൗഫ് അസറിന്റെ പ്രായം . പിന്നീട് ഇന്ത്യയിൽ നടന്ന പാർലമെന്റ് ആക്രമണം മുതൽ പുൽവാമ ബോംബാക്രമണത്തിന് വരെ ഇയാൾ ചുക്കാൻ പിടിച്ചിരുന്നു.
2007 ഏപ്രിൽ 21 ന് ജെയ്ഷെ മുഹമ്മദിന്റെ കമാൻഡറായിട്ടാണ് അബ്ദുൾ റൗഫ് അസർ ചുമതലയേറ്റത്. ഇന്ത്യയ്‌ക്കെതിരായ പ്രവർത്തനങ്ങളുടെ മുഖ്യകണ്ണികളിൽ ഒരാൾ. ജെയ്ഷെ മുഹമ്മദിന്റെ ഓപ്പറേഷൻ മേധാവി. ഇന്ത്യയിലെ ഏറ്റവും വലിയ അഞ്ച് ‘മോസ്റ്റ് വാണ്ടഡ്’ ഭീകരരിൽ ഒരാളായ റൗഫ് അസർ , ഇന്ത്യയിലെ എല്ലാ പ്രധാന ജെയ്‌ഷെ ആക്രമണങ്ങളും ആസൂത്രണം ചെയ്തു – 2001-ൽ ജമ്മു കശ്മീർ നിയമസഭയ്ക്കും പാർലമെന്റിനും നേരെയുണ്ടായ ‘ഫിദായീൻ’ ആക്രമണം, 2016-ൽ പത്താൻകോട്ട് ഐഎഎഫ് ബേസ് ആക്രമണം, നഗ്രോട്ട, കതുവ ക്യാമ്പുകൾക്ക് നേരെയുള്ള ആക്രമണം, 40 സിആർപിഎഫ് ജവാന്മാരുടെ ജീവൻ അപഹരിച്ച പുൽവാമ ആക്രമണം എന്നിവയുൾപ്പെടെയുള്ളവ റൗഫ് അസറിന്റെ നേരിട്ടുള്ള നിർദേശപ്രകാരമായിരുന്നു.
ഇന്ത്യൻ ഇന്റലിജൻസ് ഏജൻസികളുടെയും എൻഐഎയുടെയും അഭിപ്രായത്തിൽ, മസൂദ് അസ്റിന്റെ അഭാവത്തിൽ ജെയ്‌ഷെ മുഹമ്മദിന് വേണ്ടി എല്ലാ തീരുമാനങ്ങളും എടുക്കുന്നത് റൗഫ് അസ്റാണ്, അന്നത്തെ പാകിസ്താൻ പ്രസിഡന്റ് പർവേസ് മുഷറഫിനെതിരായ വധശ്രമങ്ങളെത്തുടർന്ന് കുറച്ച് വർഷങ്ങൾ ഒളിവിൽ കഴിയുകയായിരുന്ന മസൂദ് അസറിന്റെ അഭാവത്തിൽ ജെയ്ഷെ മുഹമ്മദിന്‍റെ സുപ്രീം കമാന്‍ഡറായി അബ്ദുൾ റൗഫ് അസർ ചുമതലയേൽക്കുകയായിരുന്നു.
അഫ്ഗാനിസ്ഥാനിലേക്ക് യാത്ര ചെയ്ത് താലിബാനുമായി കൂടിക്കാഴ്ച നടത്തി ജെയ്ഷെ മുഹമ്മദ് സംഘടനയുടെ പുനഃസംഘടനയ്ക്ക് നേതൃത്വം നൽകിയത് അസ്ഹറായിരുന്നു. 2010 ഡിസംബറിൽ അമേരിക്ക അബ്ദുൾ റൗഫ് അസറിനെ ഭീകരനായി പ്രഖ്യാപിച്ചിരുന്നു.
പാക് അധിനിവേശ കശ്മീരിലും പാകിസ്താനിലും , ഇന്ത്യൻ വ്യോമസേനയുടെ വ്യോമാക്രമണങ്ങൾ നടന്ന ബാലകോട്ട്, മൻഷേര, മുസാഫറാബാദ് എന്നിവയുൾപ്പെടെയുള്ള സ്ഥലങ്ങളിലും ഭീകര ക്യാമ്പുകൾ സ്ഥാപിക്കുന്നതിന്റെ ചുമതല റൗഫ് അസ്റിനായിരുന്നു. ജെയ്‌ഷെ മുഹമ്മദിന്റെ കേഡർമാരെ പ്രചോദിപ്പിക്കുകയും, പാകിസ്താൻ സർക്കാരുമായും ഐഎസ്‌ഐയുമായും ബന്ധപ്പെടുകയും, ഓഡിയോ, വീഡിയോ ക്ലിപ്പുകളുടെ രൂപത്തിൽ ജെയ്‌ഷെ മുഹമ്മദിന്റെ പ്രചാരണ സാമഗ്രികൾ തയ്യാറാക്കുകയും, ഫണ്ട് ക്രമീകരിക്കുകയും, മറ്റ് ഭീകര സംഘടനകളുമായി ബന്ധം സ്ഥാപിക്കുകയും ചെയ്തിരുന്നു കൊല്ലപ്പെട്ട അബ്ദുൾ റൗഫ് അസർ.