പാരിസ്ഥിതിക നാശമുണ്ടാക്കുമെന്നതിനാൽ ഉപേക്ഷിക്കപ്പെട്ട അതിരപ്പിള്ളി ജലവൈദ്യുതപദ്ധതി പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമവുമായി കെഎസ്ഇബി. വിനോദസഞ്ചാരസാധ്യത പ്രയോജനപ്പെടുത്താനെന്ന പേരിലാണ് ഈ ശ്രമം. ഈ സാധ്യതകളുംകൂടി പ്രയോജനപ്പെടുത്തി പദ്ധതിയുടെ മാതൃക പരിഷ്കരിക്കാൻ കെഎസ്ഇബി ഡയറക്ടർ ബോർഡ് അനുമതി നൽകി.
ഇതിന് നിർദേശങ്ങൾ നൽകാൻ ടി-എർത്ത് എന്ന കമ്പനിയെ ചുമതലപ്പെടുത്തി. സംസ്ഥാനത്തെ ആദ്യത്തെ സംയോജിത വൈദ്യുതോത്പാദന വിനോദസഞ്ചാരപദ്ധതിയെന്ന നിലയിലാണ് ഇപ്പോൾ അവതരിപ്പിക്കാൻ ശ്രമിക്കുന്നത്. ഇത്തരമൊരു ആശയം പൊതുജനസമക്ഷം അവതരിപ്പിക്കുക മാത്രമാണ് പഠനത്തിലൂടെ കെഎസ്ഇബി ഉദ്ദേശിക്കുന്നതെന്നാണ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ബിജു പ്രഭാകർ അറിയിച്ചത്.മഴയില്ലാത്ത സാഹചര്യങ്ങളിൽ അതിരപ്പിള്ളിക്ക് മുകൾഭാഗത്തുള്ള പെരിങ്ങൽക്കുത്ത്, ഷോളയാർ എന്നീ ജലവൈദ്യുതപദ്ധതികൾ രാത്രിമാത്രമാണ് പൂർണതോതിൽ പ്രവർത്തിക്കുന്നത്.ഇങ്ങനെ വെള്ളച്ചാട്ടത്തിലൂടെ ഒഴുകിപ്പോകുന്ന വെള്ളം, പദ്ധതിയുടെഭാഗമായി വിഭാവനം ചെയ്തിരിക്കുന്ന ജലാശയത്തിൽ ശേഖരിച്ച് പകൽസമയം വെള്ളച്ചാട്ടത്തിലൂടെ തുറന്നുവിടാൻകഴിയും.
തത്ഫലമായി വേനൽക്കാലത്തും അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന്റെ ആകർഷണീയതയും മനോഹാരിതയും പതിന്മടങ്ങായി വർധിക്കുമെന്നാണ് കെഎസ്ഇബിയുടെ വാദം. ജലപ്രവാഹം നിയന്ത്രിക്കുന്നതിലൂടെ ചാലക്കുടിപ്പുഴയിലെ പ്രളയഭീഷണി ഒഴിവാക്കാൻ നിർദിഷ്ട അണക്കെട്ട് സഹായിക്കുമെന്നും കെഎസ്ഇബി ചൂണ്ടിക്കാട്ടുന്നു.
ജലാശയത്തിൽ ബോട്ടിങ് ഉൾപ്പെടെയുള്ള സാധ്യതകൾ പുതുതായി സൃഷ്ടിക്കപ്പെടും. സീപ്ലെയിൻ സർവീസിന് സംസ്ഥാനങ്ങൾക്ക് കേന്ദ്രം അനുമതി ലഭ്യമാക്കുന്ന സാഹചര്യത്തിൽ അതിരപ്പിള്ളി ജലാശയത്തിൽ സീപ്ലെയിൻ ഇറക്കാൻകഴിയുമെന്നതുൾപ്പെടെ വിവിധ വാദങ്ങൾ കെഎസ്ഇബി അവതരിപ്പിക്കുന്നുണ്ട്.







