കാസര്‍കോട് പാലക്കുന്ന് കോളജിലെ പരീക്ഷാ പേപ്പര്‍ ചോര്‍ച്ചയില്‍ പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജിനെതിരെ നടപടിയെടുത്ത് കോളേജ് മാനേജ്‌മെന്റ്. പ്രിന്‍സിപ്പല്‍ പി അജീഷിനെ സസ്‌പെന്‍ഡ് ചെയ്തു. അന്വേഷണവുമായി സഹകരിക്കുമെന്ന് കോളേജ് മാനേജ്‌മെന്റ് അറിയിച്ചു.ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ കണ്ണൂർ സര്‍വകലാശാലാ രജിസ്ട്രാര്‍ നല്‍കിയ പരാതിയില്‍ പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജിനെതിരെ ബേക്കല്‍ പൊലീസ് കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് മാനേജ്‌മെന്റിന്റെ നടപടി.പ്രിന്‍സിപ്പല്‍ സര്‍വകലാശാലയെ വഞ്ചിച്ചെന്നും ഇ മെയില്‍ വഴി അയച്ച ചോദ്യപേപ്പര്‍ രഹസ്യസ്വഭാവം സൂക്ഷിക്കാതെ പരീക്ഷയ്ക്ക് മുമ്പ് പരസ്യപ്പെടുത്തുകയായിരുന്നെന്നും എഫ് ഐ ആറില്‍ പറയുന്നു. ഏപ്രില്‍ രണ്ടിന് കോളേജില്‍ പരീക്ഷാ സ്‌ക്വാഡ് എത്തി പരിശോധന നടത്തിയപ്പോഴാണ് കണ്ടെത്തിയത്. ബി സി എ ആറാം സെമസ്റ്റര്‍ പരീക്ഷയുടെ ചോദ്യപേപ്പറാണ് ചോര്‍ന്നത്. പരീക്ഷയ്ക്ക് രണ്ട് മണിക്കൂര്‍ മുമ്പ് കോളേജ് പ്രിന്‍സിപ്പലിന്റെ ഇ- മെയില്‍ ഐ ഡിയിലേക്ക് യൂണിവേഴ്സിറ്റി അധികൃതര്‍ അയച്ച ചോദ്യപേപ്പറിന്റെ ലിങ്കാണ് ചോര്‍ന്നത്. ഇത് വിദ്യാര്‍ഥികള്‍ക്ക് വാട്സാപ്പ് വഴി ഉള്‍പ്പെടെ ലഭ്യമാവുകയായിരുന്നു.








