മരിച്ചെന്ന വ്യാജ സൈബർ പ്രചാരണത്തെ ട്രോളി ഗായകൻ ജി വേണുഗോപാൽ. ഉടനെയൊന്നും മരിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും ജമ്മുകശ്മീരിൽ കുടുംബത്തോടൊപ്പമുളള യാത്രയിലാണെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു. യാത്രയ്ക്കിടയിലാണ് ഞാൻ രണ്ടാമതും മരിച്ചെന്ന വ്യാജ വാർത്ത കണ്ടതെന്നും മരിക്കുന്നതിനെക്കുറിച്ച് ആലോചിച്ചിട്ടില്ലെന്നും വേണുഗോപാൽ പറഞ്ഞു.
‘മരണം കീഴടക്കി, കണ്ണീരായി ഗായകൻ ജി വേണുഗോപാൽ’ എന്ന തലക്കെട്ടുളള ഒരു സ്ക്രീൻ ഷോട്ടും വേണുഗോപാൽ കുറിപ്പിനോടൊപ്പം പങ്കുവച്ചിട്ടുണ്ട്. മല്ലു റോക്ക്സ് 123 എന്ന ഹാന്റിൽ വഴിയാണ് ഈ പ്രചാരണം വന്നതെന്ന് സ്ക്രീൻ ഷോട്ടിൽ നിന്നും വ്യക്തമാണ്. “ഇങ്ങനെ നീ ഇടയ്ക്കിടയ്ക്ക് ചത്താൽ ഞങ്ങളെന്തോന്ന് ചെയ്യുമെടേയ്..” എന്ന ശീർഷകത്തോടെ സുഹൃത്തുക്കളാണ് ഇത് അയച്ച് തന്നതെന്ന് അദ്ദേഹം കുറിപ്പിൽ പറയുന്നു.
1987ൽ പുറത്തിറങ്ങിയ ഒന്നു മുതൽ പൂജ്യം വരെ എന്ന ചിത്രത്തിലെ ‘പൊന്നിൻ തിങ്കൾ പോറ്റും മാനേ’ എന്ന ഗാനം ആലപിച്ചുകൊണ്ടാണ് വേണുഗോപാൽ ചലച്ചിത്ര പിന്നണി ഗാന രംഗത്തേക്ക് പ്രവേശിക്കുന്നത്. കേരള സർക്കാരിന്റെ മികച്ച പിന്നണിഗായകനുള്ള പുരസ്കാരം 1990, 1998, 2004 വർഷങ്ങളിൽ വേണുഗോപാൽ കരസ്ഥമാക്കിയിട്ടുണ്ട്. കവിതകൾക്ക് സംഗീതം നൽകി ആലപിക്കുന്ന ഒരു പുതിയ രീതിയ്ക്ക് തുടക്കം കുറിച്ചുകൊണ്ട് കാവ്യരാഗം എന്ന ആൽബവും അദ്ദേഹം പുറത്തിറക്കിയിട്ടുണ്ട്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
അങ്ങനെ ഒരു വർഷത്തിനുള്ളിൽ രണ്ടാം പ്രാവശ്യവും മരണം തേടിയെത്തിയ ഭാഗ്യവാനായിരിക്കുന്നു ഈ ഞാൻ. ഇപ്പോൾ, കാശ്മീരിലെ സോൻമാർഗ്, ഗുൽമാർഗ്, പെഹൽഗാം എന്നിവിടങ്ങളിൽ ട്രെക്കിംഗും, മഞ്ഞ് മലകയറ്റവും എല്ലാം കഴിഞ്ഞ് ശ്രീനഗറിൽ ഭാര്യയുമൊത്ത് തിരിച്ചെത്തിയപ്പോഴാണ് ഈയൊരു വാർത്ത എന്റെ മോഡൽ സ്കൂൾ ഗ്രൂപ്പിലെ സുഹൃത്തുക്കൾ ” ഇങ്ങനെ നീ ഇടയ്ക്കിടയ്ക്ക് ചത്താൽ ഞങ്ങളെന്തോന്ന് ചെയ്യുമെടേയ്….” എന്ന ശീർഷകത്തോടെ അയച്ച് തന്നത്. ഇനി ഞാൻ ഉടനെയൊന്നും മരിക്കാൻ ഉദ്ദേശിക്കുന്നില്ല എന്നൊരു പത്ര സമ്മേളനം നടത്തണോ എന്ന് നിങ്ങൾ ഉപദേശിക്കണേ…









