സിനിമാ സെറ്റിലുണ്ടായ മോശം അനുഭവത്തെക്കുറിച്ച് വെളിപ്പെടുത്തിയ നടി വിൻസി അലോഷ്യസിന് പൂർണ പിന്തുണയെന്ന് മന്ത്രി എം ബി രാജേഷ്. വിൻസിയുമായി കഴിഞ്ഞദിവസം സംസാരിച്ചു. അന്വേഷണ നടപടികളുമായി സഹകരിക്കുമെന്ന് നടി പറഞ്ഞതായും മന്ത്രി അറിയിച്ചു.തുറന്ന് പറഞ്ഞതിന് സിനിമാ പ്രവർത്തകർ നടിയെ ഒറ്റപ്പെടുത്തുന്ന പ്രവണത ശരിയല്ല. ലഹരിക്കെതിരെ ഉരുക്കുമുഷ്‌ടി പ്രയോഗിക്കും. സിനിമാ സെറ്റുകളിൽ എക്‌സൈസ് പരിശോധന കർശനമാക്കും. എല്ലായിടത്തും പരിശോധന ഉണ്ടാകുമെന്നും മന്ത്രി മാദ്ധ്യമങ്ങളോട് പറഞ്ഞു.
സിനിമാ സെറ്റിൽ വച്ച് ലഹരി ഉപയോഗിച്ച് ഒരു നടൻ തന്നോടും സഹപ്രവർത്തകരോടും മോശമായി പെരുമാറിയിട്ടുണ്ടെന്നാണ് വിൻസി അലോഷ്യസ് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയത്. സോഷ്യൽ മീഡിയയിൽ പങ്കുവച്ച വീഡിയോയിലാണ് വിൻസി ഇക്കാര്യം തുറന്നുപറഞ്ഞത്. ലഹരി ഉപയോഗിക്കുന്ന ആളുകൾക്കൊപ്പം ഇനി അഭിനയിക്കില്ലെന്ന തന്റെ പ്രസ്താവനയെക്കുറിച്ച് വിശദീകരിക്കുമ്പോഴായിരുന്നു വിൻസി ഇക്കാര്യം വ്യക്തമാക്കിയത്. എന്നാൽ നടന്റെ പേരോ സിനിമയുടെ പേരോ വെളിപ്പെടുത്തിയിരുന്നില്ല. ‘സൂത്രവാക്യം’ എന്ന സിനിമയുടെ സെറ്റിൽ വച്ച് നടൻ ഷൈൻ ടോം ചാക്കോയാണ് വിൻസിയോട് മോശമായി പെരുമാറിയതെന്ന വിവരം പിന്നീട് പുറത്തുവരികയായിരുന്നു. ഷൈനിനെതിരെ വിൻസി ഫിലിം ചേംബറിന് പരാതി നൽകിയതിന് പിന്നാലെയാണിത്.
അതേസമയം, വിൻസിയുടെ പരാതിയിൽ അടിസ്ഥാനമില്ലെന്നും ഈഗോയുടെ പുറത്തുകൊടുത്ത പരാതിയാണെന്നുമായിരുന്നു ഷെെൻ ടോം ചാക്കോ പറഞ്ഞത്. വിൻസി കുടുംബ സുഹൃത്താണെന്നും ഷെെൻ വ്യക്തമാക്കിയിരുന്നു. ‘ഞാൻ അപമര്യാദയായി പെരുമാറിയെന്ന് പറയുന്നത് തെറ്റാണ്. ഇക്കാര്യം സൂത്രവാക്യം സിനിമയുടെ സംവിധായകനോ നിർമാതാവോ ശരിവയ്ക്കുന്നില്ല. സിനിമയുടെ സെറ്റിൽ ഞാൻ രാസലഹരി ഉപയോഗിച്ചിട്ടില്ല’- എന്നായിരുന്നു ഷെെൻ പറഞ്ഞത്.









