കണ്ണൂർ സർവകലാശാല അവസാന സെമസ്റ്റർ ബിസിഎ പരീക്ഷയുടെ ചോദ്യങ്ങൾ വിദ്യാർഥികൾക്കു ചോർത്തി നൽകിയ സംഭവത്തിൽ കോളജ് പ്രിൻസിപ്പലിനെതിരെ കേസെടുത്തു. കാസർകോട് പാലക്കുന്ന് ഗ്രീൻവുഡ്സ് ആർട്സ് ആൻഡ് സയൻസ് കോളജ് പ്രിൻസിപ്പൽ ഇൻ ചാർജ് പി.അജീഷിനെതിരെയാണ് പൊലീസ് കേസെടുത്തത്. 9 വിദ്യാർഥികളും പ്രിൻസിപ്പലും അടങ്ങിയ വാട്സാപ് ഗ്രൂപ്പിൽ പരീക്ഷയ്ക്ക് ഒരു മണിക്കൂർ മുൻപ് ചോദ്യങ്ങൾ പോസ്റ്റ് ചെയ്തെന്നാണ് സർവകലാശാല കണ്ടെത്തിയത്.
അജീഷിനെതിരെ കേസെടുത്തതിനു പിന്നാലെ പ്രിൻസിപ്പലും വിദ്യാർഥികളും ഉൾപ്പെട്ട വാട്സാപ് ഗ്രൂപ്പ് ഡിലീറ്റ് ചെയ്തു. ചോദ്യച്ചോർച്ച സംബന്ധിച്ച് വൈസ് ചാൻസലർക്ക് സിൻഡിക്കറ്റ് സമിതി റിപ്പോർട്ട് കൈമാറിയിട്ടുണ്ട്. സൈബർ സെല്ലും അന്വേഷിക്കും. മാർച്ച് 18 മുതൽ ഈ മാസം 2 വരെയായിരുന്നു ബിസിഎ പരീക്ഷ. സർവകലാശാലാ പരീക്ഷാ സ്ക്വാഡ് ഈ മാസം രണ്ടിനു ഗ്രീൻവുഡ്സ് കോളജിൽ എത്തിയപ്പോഴാണ് ചോദ്യച്ചോർച്ച പിടിച്ചത്. പരീക്ഷയ്ക്കു മുൻപു പ്രധാന ചോദ്യങ്ങൾ പ്രിൻസിപ്പൽ വാട്സാപ്പിൽ നൽകിയെന്നും ഇതു മുൻപും ഇത്തരത്തിൽ നടന്നിട്ടുണ്ടെന്നും സ്ക്വാഡ് കണ്ടെത്തി. വിദ്യാർഥികൾ തന്നെയാണ് ഈ മൊഴി നൽകിയത്. ഈ കോളജിൽ നടന്ന പരീക്ഷകളെല്ലാം റദ്ദാക്കിയേക്കും. അതേസമയം മറ്റു കോളജുകളിലെ പരീക്ഷ റദ്ദാക്കില്ല. ഗ്രീൻവുഡ്സ് കോളജിൽ ഇനി പരീക്ഷകൾ നടത്തില്ലെന്നും വിദ്യാർഥികൾക്കു കാസർകോട് ഗവ.കോളജിൽ പരീക്ഷകളെഴുതാമെന്നും സർവകലാശാല അറിയിച്ചു