10 വർഷം മുമ്പുണ്ടായ ലഹരിക്കേസിൽ കുറ്റവിമുക്തനാക്കപ്പെട്ടിട്ട് കേവലം രണ്ടുമാസം കഴിഞ്ഞപ്പോഴാണ് മറ്റൊരു ലഹരിക്കേസിൽ നടൻ ഷൈൻ ടോം ചാക്കോ അറസ്റ്റിലാകുന്നത്. പൊലീസിന്റെ വീഴ്ചകൾ ചൂണ്ടിക്കാട്ടിയായിരുന്നു ആദ്യ കേസിൽ ഷൈൻ അടക്കമുള്ളവരെ കോടതി വെറുതെ വിട്ടതെങ്കിൽ, ഇത്തവണ ഒരു സാധ്യതയും ഉപയോഗിക്കാതെ പോകരുത് എന്ന തീരുമാനത്തിലായിരുന്നു പൊലീസ്. ആദ്യ കേസിൽ ലഭിച്ച പേരുദോഷം മാറ്റാൻ രണ്ടാമത്തെ കേസിൽ വലിയ തയാറെടുപ്പുകളും നടത്തി.
2015 ജനുവരി 31നാണ് കലൂർ–കടവന്ത്ര റോഡിലെ അപ്പാർട്ട്മെന്റിലെ ഫ്ലാറ്റിൽ പൊലീസ് നടത്തിയ റെയ്ഡിൽ ഷൈനും നാലു വനിതാ മോഡലുകളും അറസ്റ്റിലായത്. കേരളത്തിൽ റിപ്പോർട്ട് ചെയ്ത ആദ്യ കൊക്കെയ്ൻ കേസായിരുന്നു അത്. എട്ടു ഗ്രാം കൊക്കെയ്ൻ ഇവരിൽ നിന്നു പിടിച്ചെടുത്തു എന്നായിരുന്നു കേസ്. പിന്നീട്, ഇവർക്ക് കൊക്കെയ്ൻ വിതരണം ചെയ്ത നൈജീരിയൻ സ്വദേശി, രണ്ടു ചെന്നൈ സ്വദേശികൾ തുടങ്ങിയവരും അറസ്റ്റിലായി. എന്നാൽ 10 വർഷത്തിനു ശേഷമുണ്ടായ വിധിയിൽ എല്ലാവരേയും വിട്ടയച്ചു. വനിതാ മോഡലുകളെ പരിശോധിക്കുമ്പോൾ ഗസറ്റഡ് റാങ്കിലുള്ള വനിതാ ഉദ്യോഗസ്ഥർ ഉണ്ടായിരിക്കണമെന്ന നിയമം പാലിക്കപ്പെട്ടില്ല എന്നതടക്കമുള്ള കാര്യങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു വിധി











