തൃശൂർ: വടക്കാഞ്ചേരിയിൽ കുട്ടികളെ ബസിൽ കയറ്റാതിരുന്ന സ്വകാര്യ ബസ് കണ്ടക്‌ടറുടെ ലൈസൻസ് സസ്പെൻഡ് ചെയ്‌തു. മൂന്ന് മാസത്തേയ്‌ക്ക് ലൈസൻസ് സസ്‌പെൻഡ് ചെയ്‌തതിനൊപ്പം കണ്ടക്‌ടർക്ക് ബോധവൽക്കരണം നൽകാനും മോട്ടോർ വാഹന വകുപ്പ് തീരുമാനിച്ചു. വടക്കാഞ്ചേരി ജോയിന്റ് ആർടിഒ ഓഫീസിലേക്ക് കണ്ടക്‌ടറെ വിളിച്ചുവരുത്തി വിശദീകരണം കേട്ടശേഷമാണ് നടപടി.
കഴിഞ്ഞ ദിവസം വൈകിട്ട് സ്‌കൂൾ വിട്ട് വടക്കാഞ്ചേരി ബസ് സ്റ്റാൻഡിൽ നിന്ന് വീട്ടിലേക്ക് പോകാൻ നിന്ന ക്ലീലിയാ സ്‌കൂളിലെ വിദ്യാർത്ഥികളെയാണ് കണ്ടക്‌ടർ ബസിൽ കയറ്റാതെ അപമാനിച്ചത്. കുട്ടികൾ കൈക്കൂപ്പി പറഞ്ഞിട്ടും നിലപാട് മാറ്റാൻ കണ്ടക്‌ടർ തയ്യാറായില്ല. വിദ്യാർത്ഥികൾക്ക് കൺസഷൻ നിരക്കായതിനാൽ കുറച്ച് പേരെ മാത്രം ബസിൽ കയറ്റിയ ശേഷം മറ്റുള്ളവരെ കൊണ്ടുപോകാൻ കഴിയില്ലെന്നായിരുന്നു കണ്ടക്‌ടറുടെ നിലപാട്. വീട്ടിലെത്താൻ വൈകുമെന്നതിനാൽ വിദ്യാർത്ഥികൾ കേണു പറഞ്ഞിട്ടും നിലപാട് മാറ്റാൻ കണ്ടക്‌ടർ തയ്യാറായില്ല.
സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെയാണ് ജില്ലാ ഭരണകൂടവും പൊലീസും മോട്ടോർ വാഹനവകുപ്പും ഇടപെട്ടത്. ബസ് ഉടമകൾക്ക് കർശന താക്കീത് നൽകിയ പൊലീസ് വടക്കാഞ്ചേരി ബസ്‌സ്റ്റാൻഡുകളിൽ പരിശോധന കർശനമാക്കി. സംഭവത്തിനുപിന്നാലെ വിദ്യാർത്ഥികളോടുള്ള സ്വകാര്യ ബസുകളുടെ അവഗണനയ്‌ക്കെതിരെ ശക്തമായ പ്രതിഷേധവുമായി വിദ്യാർത്ഥി സംഘടനകളും രംഗത്തെത്തി. കെഎസ്ആർടിസി ബസുകളിൽ സ്‌ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ചതിന് പിന്നാലെ വിദ്യാർത്ഥി കൺസഷൻ ഉൾപ്പടെയുള്ളവ പുന:പരിശോധിക്കണമെന്നാണ് സ്വകാര്യ ബസ് ഉടമകളുടെ ആവശ്യം.








