പൊന്നാനി:കനത്ത മഴയെ തുടര്‍ന്ന് കഴിഞ്ഞ രണ്ട് ദവസമായി വെളിയംകോട്,പൊന്നാനി മേഖലയില്‍ രൂക്ഷമായ കടലാക്രമണം.നിരവധി കുടുംബങ്ങള്‍ താമസം മാറി.വെളിയംകോട് ഒരു വീട് തകര്‍ന്നു.പ്രദേശത്ത് നിരവധി വീടുകള്‍ തകര്‍ച്ച ഭീഷണിയിലാണ്.മുറിഞ്ഞഴി,ഇഇംഎസ് കോളേജ്,മൈലാഞ്ചിക്കാട്,ചുവന്ന റോഡ്,പുതുപൊന്നാനി പത്തുമുറി,വെളിയംകോട് ഭാഗങ്ങളിലാണ് കടലാക്രമണം രൂക്ഷമായത്.മുറിഞ്ഞഴിയില്‍ നിന്ന് രണ്ട് കുടുംബങ്ങള്‍ വാടക വീട്ടിലേക്കും ഒരു കുടുംബം ബന്ധുവീട്ടിലേക്കും മാറി.
പാലപ്പെട്ടി ,ഹിളര്‍പള്ളി പരിസരത്തും കടലാക്രമണം രൂക്ഷമാണ്.ഇവിടെ നിരവധി വീടുകളില്‍ വെള്ളം കയറി.പലരും നേരത്ത തന്നെ വീടുകളില്‍ നിന്ന് മാറിയിരുന്നു.ഞായറാഴ്ച മഴ മാറി നിന്നത് ആശ്വാസമായെങ്കിലും മഴ തുടര്‍ന്നാല്‍ കടലേറ്റം കൂടുതല്‍ രൂക്ഷമാകുമെന്ന് പ്രദേശത്തെ മത്സ്യത്തൊഴിലാളികള്‍ പറഞ്ഞു.പൊന്നാനി എംഇഎസ് എച്ച്എസ് സ്കൂളിലും,വെളിയംകോട് ജിഎഫ്എല്‍പി സ്കൂളിലും ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്.റവന്യൂ,മുന്‍സിപ്പാലിറ്റി,പഞ്ചായത്ത് അധികൃതരും,ജനപ്രതിനിധികളും കടലേറ്റ മേഖലകള്‍ സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി.
വെളിയംകോട് തണ്ണിത്തുറയില്‍ പ്രവര്‍ത്തിക്കുന്ന ചെമ്മീന്‍ ഹാച്ചറിയും തകര്‍ച്ച ഭീഷണിയിലാണ്.ഇവിടേക്ക് വരുന്ന റോഡും കടലേറ്റത്തില്‍ തകര്‍ന്നിട്ടുണ്ട്.ഹാച്ചറിയുടെ ഭാഗങ്ങള്‍ വെള്ളം കയറി പൂര്‍ണ്ണമായും തകരുന്ന അവസ്ഥയിലാണ്







