മനുഷ്യ വിസർജ്യങ്ങളായ മലം, മൂത്രം, ഛർദി എന്നിവ എളുപ്പത്തിൽ നിർമാർജനം ചെയ്യാനുള്ള വഴി പറഞ്ഞുകൊടുത്താൽ നാസ 25 കോടി രൂപ നൽകും. ‘ആൻ ഐഡിയ ക്യാൻ ചെയ്ഞ്ച് മൈ ലൈഫ്’ എന്നുപറഞ്ഞ് കോടികൾ വാങ്ങാൻ ചാടിയിറങ്ങും മുമ്പ് അറിയുക മാലിന്യങ്ങൾ ഉള്ളത് അങ്ങ് ചന്ദ്രനിലാണ്. ഇവയടങ്ങിയ ബാഗുകൾ നിർമാർജനം ചെയ്യുന്നതിനുളള വഴിയാണ് കണ്ടെത്തേണ്ടത്. ചാന്ദ്ര ദൗത്യങ്ങൾക്കിടെ മനുഷ്യർ ചന്ദ്രനിൽ ഉപേക്ഷിച്ച മാലിന്യങ്ങൾ അടങ്ങിയ ബാഗുകളാണ് നീക്കേണ്ടത്. ബഹിരാകാശ യാത്രയിൽ മനുഷ്യമാലിന്യങ്ങൾ കീറാമുട്ടിയാണ്. ഇവ കൈകാര്യം ചെയ്യുന്നതിനും പുനരുപയോഗിക്കുന്നതിനും ഉള്ള നല്ല സംവിധാനങ്ങൾ രൂപകൽപ്പന ചെയ്യാനാണ് ലൂണാ റീസൈക്കിൾ ചലഞ്ചിലൂടെ നാസ ജനങ്ങളോട് ആവശ്യപ്പെട്ടിരിക്കുന്നത്. ചന്ദ്രനിൽ ദീർഘകാലം താമസിക്കുന്നതുൾപ്പടെയുള്ള ദൗത്യങ്ങൾ മുന്നിൽക്കണ്ടാണ് ഇപ്പോഴത്തെ നീക്കം. പ്രാവർത്തികമായ ഏറ്റവും നല്ല മാർഗം മറ്റ് ബഹിരാകാശ ദൗത്യങ്ങളിലും നടപ്പിലാക്കും. അപ്പോളോ ദൗത്യസമയത്ത് മനുഷ്യമാലിന്യങ്ങൾ ബാഗിലാക്കി ചന്ദ്രനിൽ ഉപേക്ഷിക്കുകയായിരുന്നു. മലം, മൂത്രം, ഛർദി എന്നിവയ്‌ക്കൊപ്പം സ്യൂട്ടുകളും ഉപയോഗശൂന്യമായ ഉപകരണങ്ങളും അന്ന് ചന്ദ്രനിൽ ഉപേക്ഷിച്ചിരുന്നു. ഇത്തരത്തിലുള്ള 96 ബാഗുകളാണ് ചന്ദ്രോപരിതലത്തിലുള്ളത്. മാലിന്യങ്ങൾ സൂക്ഷിക്കാൻ ബഹിരാകാശ വാഹനങ്ങളിൽ പ്രത്യേക സൗകര്യങ്ങൾ ഉണ്ടെങ്കിലും പരീക്ഷണത്തിനായി ചന്ദ്രനിൽ നിന്ന് കല്ലും മണ്ണും പാറകളും കൊണ്ടുവരുമ്പോൾ ഉണ്ടാകുന്ന ഭാരക്കൂടുതൽ പരിഹരിക്കാനാണ് മാലിന്യങ്ങൾ അവിടെത്തന്നെ ഉപേക്ഷിച്ചത്. മനുഷ്യമാലിന്യങ്ങൾ വളവും ഊർജവും ആക്കിമാറ്റാൻ പുതുസംവിധാനം വരുന്നതോടെ കഴിയുമെന്നാണ് നാസയുടെ പ്രതീക്ഷ. കഴിഞ്ഞമാസം 31വരെയായിരുന്നു എൻട്രികൾ സമർപ്പിക്കേണ്ടത്. നിരവധി ഐഡിയകൾ ഇതിനോടകം ലഭിച്ചിട്ടുണ്ട്. ഇവ വിശദമായി പരിശോധിച്ച് മികച്ചതിനെ കണ്ടെത്തി നടപ്പാക്കും.