ഈ ദീപാവലി ആഘോഷമാക്കാൻ പുത്തൻ സമ്മാനങ്ങളുമായി ബി എസ് എൻ എൽ. നിരക്ക് കുത്തനെ ഉയർത്തി ഉപഭോക്താക്കളുടെ നട്ടെല്ലൊടിച്ച ജിയോക്കും എയർടെല്ലിനും വെല്ലുവിളി ഉയർത്തിയാണ് കൂടുതൽ കസ്റ്റമേഴ്‌സിനെ ആകർഷിക്കാൻ ദീപാവലി ഓഫറുകളുമായി ബി എസ് എൻ എൽ കളത്തിലിറങ്ങിയത്.സൗജന്യ 4 ജി സേവനങ്ങൾക്കൊപ്പം ആദ്യത്തെ ഒരു മാസത്തേക്ക് അൺലിമിറ്റഡ് കോളിംഗ്, പ്രതിദിനം 2 ജിബി ഡാറ്റ എന്നിവ സൗജന്യമായി ലഭിക്കും. ആദ്യമായി പ്രീപെയ്ഡ് കണക്ഷൻ എടുക്കുന്ന ഉപയോക്താക്കൾക്കായിട്ടാണ് ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ വാർത്താവിനിമയ കമ്പനിയായ ബിഎസ്എൻഎൽ ഉത്സവകാല ഓഫറുമായി എത്തിയിരിക്കുന്നത്.ആദ്യമായി ബി എസ് എൻ എൽ സിം എടുക്കുന്നവർക്ക് ഈ പ്ലാൻ പ്രകാരം ആദ്യത്തെ ഒരു മാസത്തേക്ക് (30 ദിവസം) ദിനേന 2 ജിബി ഡാറ്റയും പരിധിയില്ലാത്ത കാളിംഗ് സേവനങ്ങളും ഫ്രീയായി ലഭിക്കും. രാജ്യത്തെ എല്ലാ സർക്കിളുകളിലും ഒക്ടോബർ 15 മുതൽ നവംബർ 15 വരെ ഈ ഓഫർ ലഭ്യമാണ്. വെറും ഒരു രൂപ ടോക്കൺ തുകയായി നൽകി ആർക്ക് വേണമെങ്കിലും പുതിയ സിം എടുക്കാനാവും.മറ്റ് നെറ്റ്‌വർക്കുകൾക്കൊപ്പം മത്സരിക്കാനായി രാജ്യവ്യാപകമായി തങ്ങളുടെ 4 ജി നെറ്റ്‌വർക്ക് വിപുലീകരിക്കുന്ന പ്രവൃത്തികൾ ബി എസ് എൻ എൽ അതിവേഗത്തിൽ പൂർത്തിയാക്കി കൊണ്ടിരിക്കുകയാണ്. അതിനാൽ സിഗ്നൽ പ്രശ്‌നം വരുമെന്ന ഭയവും ഈ ഘട്ടത്തിൽ ഒഴിവാക്കാം. സേവനങ്ങൾക്ക് ഈടാക്കുന്ന തുക മറ്റ് ടെലികോം കമ്പനികൾ കുത്തനെ ഉയർത്തിയതിനെ തുടർന്ന്, ബി എസ് എൻ എൽ വരിക്കാരുടെ എണ്ണത്തിൽ ആഗസ്റ്റോടെ 1.38 ലക്ഷത്തിലധികം വർധനവുണ്ടായിരുന്നു. ഇത് വീണ്ടും വർധിപ്പിക്കാനാണ് വമ്പൻ ഉത്സവകാല ഓഫറുകളുമായി കമ്പനി എത്തിയിരിക്കുന്നത്.