ചുഴലിക്കാറ്റ് അടക്കമുള്ള ദുരന്തങ്ങൾ നേരിടാൻ തീരദേശ ജനതയെ പ്രാപ്തമാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന വ്യാപകമായി നടന്ന മോക്ക് ഡ്രില്ലിൻ്റെ ഭാഗമായി ജില്ലയിലെ വിവിധ ഇടങ്ങളിലും മോക്ഡ്രിൽ പരിശീലനം നടന്നു.കളക്ടറേറ്റിൽ സജ്ജീകരിച്ച കണ്ട്രോൾ റൂമിൽ നിന്നും ജില്ലാ കളക്ടർ വി ആർ വിനോദ് മോക് ഡ്രില്ലുമായി ബന്ധപ്പെട്ട ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ സ്വാതി ചന്ദ്രമോഹൻ, ഹസാർഡ് അനലിസ്റ്റ് ടി എസ് ആദിത്യ, പൊലീസ്, ഫയർ ഫോഴ്സ്, ആരോഗ്യം, തദ്ദേശ സ്വയം ഭരണം,പി ആർ ഡി, ഗതാഗതം തുടങ്ങി വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു.താനൂർ ഒട്ടുംപുറം ഫാറൂഖ് പള്ളിക്ക് സമീപത്ത് സംഘടിപ്പിച്ച മോക്ഡ്രിൽ പരിശീലനത്തിൽ രാവിലെ 8 മണിയോടെ ജില്ലാ ആസ്ഥാനത്തെ കൺട്രോൾ റൂമിൽ നിന്നും ചുഴലിക്കാറ്റ് മുന്നറിയിപ്പ് നൽകി. മുന്നറിയിപ്പ് പോലീസ്, ഫയർ ഫോഴ്സ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ റവന്യൂ വിഭാഗങ്ങളിലേയ്ക്ക കൈമാറി. 8.45 ഓടെ മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റിന്റെ നേതൃത്വത്തിൽ പരിസരവാസികളെ താനൂർ ഫിഷറീസ് സ്കൂളിലേയ്ക്ക് മാറ്റിപ്പാർപ്പിച്ചു. പത്ത് മണിയോടെ ചുഴലിക്കാറ്റ് തീരദേശത്തെത്തുമെന്ന മുന്നറിയിപ്പ് നൽകി രണ്ട് യൂണിറ്റ് അഗ്നിരക്ഷാ സേനാ പ്രവർത്തകരുടെ സംഘം തീരദേശത്തെത്തി.ഫയർ ടീം സ്റ്റേജിങ് ഏരിയയും ഇൻസിഡെൻ്റ് കമാൻ്റ് പോസ്റ്റും സജീകരിച്ചു.കടൽ കാണാൻ വന്നവരായും മറ്റും അപകടത്തിൽ പെട്ട 16 പേരെ എമർജൻസി ഫസ്റ്റ് എയ്ഡ് ക്യാമ്പിൽ പ്രവേശിപ്പിച്ചു.കൂടുതൽ വൈദ്യസഹായം ആവശ്യമുള്ള 8 പേരെ താനൂർ കമ്യൂണിറ്റി ഹെൽത് സെന്ററിലേയ്ക്ക് മാറ്റി.ദുരന്ത നിവാരണ വകുപ്പ്,ഫയർഫോഴ്സ് , പോലീസ്, റവന്യൂ, ആരോഗ്യം, ഫിഷറീസ്, തുടങ്ങിയ വിവിധ വകുപ്പുകളും മുൻസിപ്പാലിറ്റി അധികൃതരും സമയോചിതമായി ഇടപെട്ടുകൊണ്ടാണ് രക്ഷാ പ്രവർത്തനങ്ങൾ നടത്തിയത്.മോക്ഡ്രിൽ പരിശീലനത്തിന് തഹസീൽദാർ സി.കെ.ആഷിഖ് ഇൻസിഡെൻ്റ് കമാൻ്ററായി. കൂടാതെ റവന്യൂ വകുപ്പിൽ നിന്നും ഡെപ്യൂട്ടി തഹസീൽദാർ എം.എം ഷജീല, താനൂർ വില്ലേജ് ഓഫീസർ രവീന്ദ്രൻ, പരിയപ്പുറം വില്ലേജ് ഓഫീസർ രജിത, മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെൻ്റിൽ നിന്നും എം.വി.ഐ കെ.എം അസൈനാർ, എ എം വി ഐ അബ്ദുൾ കരീം ചാലിൽ , താനൂർ കമ്യൂണിറ്റി ഹെൽത് സെൻ്ററിൽ നിന്നും മെഡിക്കൽ ഓഫീസർ ഇൻ ചാർജ് ഡോ:ഷാംജിത,മെഡിക്കൽ ഓഫീസർമാരായ
ഡോ: ശ്രീജേഷ് ലാൽ, ഡോ: ഫെബിൻ ,കൂടാതെ,താനൂർ ഡി.വൈ.എസ്.പി പി.പ്രമോദ്,എസ്.എച്ച്.ഒ ജോണി ജെ മറ്റം, ഫയർ ആൻ്റ് റെസ്ക്യൂ താനൂർ സ്റ്റേഷൻ ഓഫീസർ രാജേന്ദ്രനാഥ്, മലപ്പുറം സ്റ്റേഷൻ ഓഫീസർ ഇ. കെ. അബ്ദുൾ സലീം, താനൂർ നഗരസഭാ ചെയർമാൻ റഷീദ് മോര്യ , വൈസ് ചെയർപേഴ്സൺ സി.കെ സുബൈദ,ആരോഗ്യ സ്റ്റാൻഡിംങ് കമ്മിറ്റി ചെയർമാൻ കെ.പി അലി അക്ബർ എന്നിവരും മോക്ഡ്രില്ലിന് നേതൃത്വം നൽകി മുൻ നിരയിൽ നിന്നു.23 സിവിൽ ഡിഫൻസ് ടീമും 15 ആപത് മിത്ര,19 ഫയർ ആൻ്റ് റെസ്ക്യൂ ജീവനക്കാരും പത്തോളം ആശാവർക്കർമാരും താനൂരിലെ കടലോര പ്രദേശവാസികളും മോക്ഡ്രിൽ പരിശീലനത്തിൽ പങ്കാളികളായി.പന്ത്രണ്ട് മണിയോടെ ജാഗ്രതാ നിർദേശം പിൻവലിക്കുകയും മോക് ഡ്രിൽ അവസാനിപ്പിച്ചതായി ദുരന്ത നിവാരണ അതോറിറ്റി അറിയിക്കുകയും ചെയ്തു.മോക്ഡ്രില്ലിന് ശേഷം താനൂർ ഫിഷറീസ് സ്കൂളിൽ ചേർന്ന യോഗത്തിൽ തിരൂർ സബ് കളക്ടർ ദിലീപ് കെ കൈനിക്കര,തഹസിൽദാർ സി. കെ ആഷിഖ് താനൂർ ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷൻ ഓഫീസർ രാജേന്ദ്ര നാഥ്,ഡി.വൈ.എസ്.പി പി.പ്രമോദ്, എം.വി .ഐ കെ.എം. അസൈനാർ കൂടാതെ ഫിഷറീസ്, കോസ്റ്റൽ പൊലീസ് അധികൃതരും സംബന്ധിച്ചു.