യുവേഫ ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനല്‍ ആദ്യപാദ മത്സരത്തില്‍ ആഴ്‌സണലും ഇന്റര്‍മിലാനും വിജയിച്ചു. ആഴ്‌സണല്‍ മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് മുന്‍ചാമ്പ്യന്‍മാരായ റയല്‍ മാഡ്രിഡിനെയും ഇന്റര്‍മിലാന്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ബയേണ്‍മ്യൂണിക്കിനെയുമാണ് പരാജയപ്പെടുത്തിയത്. റയലും ആഴ്‌സണലും തമ്മിലുള്ള മത്സരം ആദ്യപകുതിയില്‍ ഗോള്‍ രഹിതമായിരുന്നു. എന്നാല്‍ രണ്ടാം പകുതിയില്‍ 58, 70 മിനിറ്റുകളില്‍ ഇംഗ്ലീഷ് മിഡ്ഫീല്‍ഡര്‍ ഡെക്‌ളാന്‍ റൈസ് ആണ് ആദ്യ രണ്ട് ഗോളുകള്‍ നേടിയത്. ഡയറക്ട് ഫ്രീകിക്കുകളിലൂടെയായിരുന്നു ഇരുഗോളുകളും പിറന്നത്. പിന്നാലെ 75-ാം മിനിറ്റില്‍ സ്പാനിഷ് മിഡിഫീല്‍ഡര്‍ മിഖേല്‍ മെറിനോ മൂന്നാം ഗോളും കണ്ടെത്തി. ഈ മാസം പതിനേഴിന് ആണ് ക്വാര്‍ട്ടര്‍ ഫൈനല്‍ രണ്ടാംപാദമത്സരം. റയലിന്റെ തട്ടകത്തില്‍ നടക്കുന്ന മത്സരത്തില്‍ നാല് ഗോള്‍ വിജയത്തില്‍ കുറഞ്ഞൊന്നും റയല്‍ ചിന്തിക്കുന്നില്ല.
ഇന്‍ര്‍മിലാന്‍-ബയേണ്‍ മ്യൂണിക് മത്സരവും ആവേശകരമായിരുന്നു. 38-ാം മിനിറ്റില്‍ അര്‍ജന്റീനിയന്‍ താരം ലൗട്ടാരോ മാര്‍ട്ടിനസ് ആണ് മിലാനെ മുന്നിലെത്തിച്ചത്. 85-ാം മിനിറ്റില്‍ തോമസ് മുള്ളര്‍ ബയേണിന് സമനില നേടിക്കൊടുത്തെങ്കിലും 88-ാം മിനിറ്റില്‍ മിലാന്റെ വിജയഗോള്‍ എത്തി. ഇറ്റാലിയന്‍ താരം ഡേവി ഫ്രാറ്റസിയുടെ വകയായിരുന്നു ബയേണിനെ തകര്‍ത്ത ഗോള്‍. രണ്ടാം ക്വാര്‍ട്ടര്‍ ഫൈനലില്‍ ബാഴ്‌സലോണ ഡോര്‍ട്ട്മുണ്ടിനെയും ആസ്റ്റണ്‍വില്ല പാരിസ് സെയ്ന്റ് ജര്‍മ്മനെയും നേരിടും. ഇന്ന് രാത്രി പന്ത്രണ്ടരക്കാണ് രണ്ട് മത്സരങ്ങളും.