തിരുവനന്തപുരം: അപകടങ്ങള്‍ കുറയ്ക്കാന്‍ ബ്ലാക്ക് സ്‌പോട്ടുകളില്‍ വാഹനപരിശോധന നിര്‍ബന്ധമാക്കുന്നു. ദേശീയ-സംസ്ഥാന പാതകളിലെ സ്ഥിരം അപകടമേഖലകളിലെല്ലാം 24 മണിക്കൂര്‍ നിരീക്ഷണത്തിന് വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരുണ്ടാകും. ഉദ്യോഗസ്ഥര്‍ ഡ്യൂട്ടിക്കുണ്ടെന്ന് ഉറപ്പുവരുത്താന്‍ ഫേസ് ആപ്പ് വഴി ഡിജിറ്റല്‍ ഹാജര്‍ നിര്‍ബന്ധമാക്കും.ബ്ലാക്ക് സ്‌പോട്ടുകളില്‍നിന്ന് ഉദ്യോഗസ്ഥര്‍ മൊബൈല്‍ ആപ് വഴി ഹാജര്‍ രേഖപ്പെടുത്തണം. റോഡപകടങ്ങള്‍ കുറയ്ക്കാന്‍ രൂപവത്കരിച്ച സേഫ് കേരള സ്‌ക്വാഡ് ഉദ്ദേശ്യലക്ഷ്യത്തില്‍നിന്ന് അകലുന്നതായി കണ്ടതിനെത്തുടര്‍ന്നാണ് പുതിയ ക്രമീകരണം. മാസം നിശ്ചിതകേസുകള്‍ എടുക്കണമെന്ന നിബന്ധനമാത്രമാണ് ഇപ്പോഴുള്ളത്.
ഇ-ചലാന്‍ സംവിധാനം വന്നതോടെ മൊബൈല്‍ ഫോണില്‍ നിയമലംഘനങ്ങള്‍ പകര്‍ത്തി പ്രതിമാസ ലക്ഷ്യം തികയ്ക്കാനാകും. ഇതുകാരണം പലരും കൃത്യമായി ഡ്യൂട്ടിക്ക് ഇറങ്ങുന്നില്ലെന്നാണ് വിലയിരുത്തല്‍. അപകടമേഖലകളില്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരുണ്ടെങ്കില്‍ ഡ്രൈവര്‍മാര്‍ ശ്രദ്ധയോടെ വാഹനം ഓടിക്കുന്നതായി കണ്ടെത്തിയിരുന്നു. എന്നാല്‍, പരിശോധന കുറഞ്ഞതോടെ പദ്ധതി പാളി.
പരിശോധന കാര്യക്ഷമമാക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് ബൈക്കുകള്‍ നല്‍കും. ഒരു ബൈക്കില്‍ രണ്ട് ഉദ്യോഗസ്ഥരെ പരിശോധനയ്ക്ക് നിയോഗിക്കും. നിലവില്‍ നാലുചക്രവാഹനങ്ങളാണ് ഉപയോഗിക്കുന്നത്. ഒരു ഇന്‍സ്‌പെക്ടറും മൂന്ന് അസി. ഇന്‍സ്‌പെക്ടര്‍മാരുമാണ് ഒരു സ്‌ക്വാഡിലുള്ളത്.
രണ്ടുപേര്‍ വാഹനപരിശോധന നടത്തുമ്പോള്‍ മറ്റുള്ളവര്‍ വാഹനത്തില്‍ വിശ്രമിക്കുന്നതാണ് പതിവെന്ന് അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അതേസമയം ഇരുചക്രവാഹനങ്ങള്‍ പ്രായോഗികമല്ലെന്നാണ് ഉദ്യോഗസ്ഥരുടെ പരാതി. ഫേസ് ആപ് ഉപയോഗിക്കാന്‍ വകുപ്പ് മൊബൈല്‍ഫോണ്‍ നല്‍കണമെന്നും ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുന്നു.