വ്യവസായിയും എമ്പുരാൻ അടക്കമുള്ള സിനിമയുടെ നിര്‍മാതാവുമായ ഗോകുലം ഗോപാലന്‍ കൊച്ചിയിലെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) ഓഫീസില്‍ ഹാജരായി. എന്തിനാണ് വിളിപ്പിച്ചതെന്ന് അറിയില്ലെന്ന് ഗോകുലം ഗോപാലന്‍ പറഞ്ഞു. നോട്ടീസ് ലഭിച്ചതിനെ തുടര്‍ന്നാണ് കൊച്ചി ഇ ഡി ഓഫീസില്‍ ഹാജരായത്. ഗോകുലം ഓഫീസുകളില്‍ ഇ ഡി നേരത്തേ റെയ്ഡ് നടത്തിയിരുന്നു. ചെന്നൈ കോടമ്പാക്കത്തെ ഓഫീസ്, കോഴിക്കോട് ഗോകുലം മാൾ എന്നിവിടങ്ങളിൽ ഇ ഡി റെയ്ഡ് നടത്തി പണം അടക്കം പിടിച്ചെടുത്തിരുന്നു. ചിട്ടി ഇടപാടിന്റെ പേരില്‍ ഫെമ നിയമ ലംഘനം നടത്തി എന്ന ആരോപണത്തിലായിരുന്നു ഇ ഡി പരിശോധന. ഏറെ ചര്‍ച്ചയായ ‘എമ്പുരാന്‍’ സിനിമയുടെ നിര്‍മാതാവ് കൂടിയാണ് ഗോകുലം ഗോപാലന്‍. ചിത്രം പുറത്തിറങ്ങിയതിന് പിന്നാലെ നിരവധി വിവാദങ്ങളും ഉയര്‍ന്നിരുന്നു. സംഘപരിവാര്‍ സംഘടനകളുടെ പ്രതിഷേധത്തെ തുടര്‍ന്ന് ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ദൃശ്യങ്ങള്‍ അടക്കം 24 ഇടങ്ങളില്‍ സിനിമ റീ സെന്‍സര്‍ ചെയ്തിരുന്നു. അനധികൃത സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട ആരോപണത്തില്‍ രണ്ടുവര്‍ഷം മുന്‍പ് ഗോകുലം ഗോപാലനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തിരുന്നു. രാജ്യത്ത് ഉടനീളം 400ലധികം ശാഖകളാണ് ഗോകുലം ചിട്ട്‌സിന് ഉള്ളത്.