വഖഫ് ഭേദഗതി ബില്ലിനെതിരെ കോൺഗ്രസ് എംപി മുഹമ്മദ് ജാവേദും എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസിയും സുപ്രീം കോടതിയിൽ. വഖഫ് സ്വത്തുക്കൾക്കും അവയുടെ നിയന്ത്രണത്തിനും മേൽ ഏകപക്ഷീയമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നുവെന്നും ഇത് മുസ്‌ലിം സമൂഹത്തിന്റെ മതപരമായ സ്വയംഭരണത്തെ ദുർബലപ്പെടുത്തുന്നുവെന്നും ആരോപിച്ചാണ് നേതാക്കൾ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. മറ്റ് മതസ്ഥാപനങ്ങളുടെ സ്വത്തുക്കളിൽ ഏർപ്പെടുത്താത്ത നിയന്ത്രണങ്ങൾ മുസ്‌ലിങ്ങളുടെ സ്വത്തുക്കളിൽ മാത്രം ഏർപ്പെടുത്തുന്നത് വിവേചനമാണെന്നും ഹർജിയിൽ പറയുന്നു.
വഖഫ് ഭേദഗതി ബില്ലിലെ വ്യവസ്ഥകൾ മുസ്‌ലിങ്ങളുടെയും മുസ്‌ലിം സമൂഹത്തിന്റെയും മൗലികാവകാശങ്ങളെ ഹനിക്കുന്നതാണെന്നാണ് ഒവൈസിയുടെ വാദം. വഖഫ് ഭേദഗതി ബില്ലിന്റെ ഭരണഘടനാ സാധുത പരിശോധിക്കാൻ കോൺഗ്രസ് കോടതിയെ സമീപിക്കുമെന്ന് മുതിർന്ന നേതാവ് ജയറാം രമേശ് പറഞ്ഞിരുന്നു. ഭരണഘടനയിലെ തത്വങ്ങൾക്കും വ്യവസ്ഥകൾക്കും എതിരായ മോദി സർക്കാരിന്റെ എല്ലാ ആക്രമണങ്ങളെയും ആത്മവിശ്വാസത്തോടെ ചെറുക്കുമെന്നും അദ്ദേഹം എക്സിലൂടെ അറിയിച്ചു