ബെയ്ജിങ്: ജനപ്രീതിയിൽ ലോകത്ത് മുൻപന്തിയിലുള്ള ആപ്ലിക്കേഷനാണ് ടിക്- ടോക്. ഈ ജനപ്രീതിയിലൂടെ ചൈനയിലെ ഏറ്റവും ധനികനായ വ്യക്തിയായി മാറിയിരിക്കുകയാണ് ടിക് ടോകിൻ്റെ മാതൃ കമ്പനിയായ ബൈറ്റ് ഡാൻസിൻ്റെ ഉടമയായ ഷാങ് യിമിങ്. ഹുറൂൺ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ പട്ടിക പ്രകാരം, ഷാങ് യിമിങിൻ്റെ മൂല്യം 49.3 ബില്യൺ ഡോളറാണ്. 2023നെ അപേക്ഷിച്ച് 43 ശതമാനം കൂടുതലാണിത്.41കാരനായ ഇദ്ദേഹം 2021-ൽ കമ്പനിയുടെ ചുമതലയിൽ നിന്ന് പിന്മാറിയിരുന്നു. എന്നാൽ സ്ഥാപനത്തിൻ്റെ ഏകദേശം 20 ശതമാനം ഓഹരികളും ഇദ്ദേഹത്തിൻ്റെ ഉടമസ്ഥതയിലാണെന്നാണ് റിപ്പോർട്ട്. ഇന്ത്യയടക്കമുള്ള ചില രാജ്യങ്ങൾ സുരക്ഷാഭീഷണിയുടെ പേരിൽ ടിക് ടോക് നിരോധിച്ചിട്ടുണ്ട്. എങ്കിലും മറ്റു രാജ്യങ്ങളിൽ ആപ്പിനുള്ള ജനപ്രീതിക്ക് ഒട്ടും കുറവുണ്ടയിട്ടില്ല.വ്യവസായിയായ സോങ് ഷാൻഷനെയാണ് ഷാങ് യിമിങ് മറികടന്നത്. സോങ് ഷാൻഷാന്റെ സമ്പത്ത് 24% ഇടിഞ്ഞ് 47.9 ബില്യൺ ഡോളറിലെത്തിയിരുന്നു. അതിനാൽ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഹുറൂൺ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് പുറത്തുവിട്ട കണക്കുകൾ പ്രകാരം ഈ വർഷം ചൈന ലിസ്റ്റിലെ സംരംഭകരുടെ മൊത്തം സമ്പത്ത് മുൻവർഷത്തേക്കാൾ 10 ശതമാനം കുറഞ്ഞിട്ടുണ്ട്.